unny
ഉണ്ണി​

നെടുമ്പാശേരി: മകളുടെ വിവാഹാവശ്യത്തിനും മറ്റുമായി ബാങ്ക് വായ്പയെടുത്ത് കടക്കെണിയിലായ വീട്ടിലേക്ക് സൗഭാഗ്യവുമായി കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാംസമ്മാനമെത്തി. നെടുമ്പാശേരി പൊയിക്കാട്ടുശേരി കൊറ്റേത്തുവീട്ടിൽ കെ.കെ. ഉണ്ണിക്കാണ് വ്യാഴാഴ്ച നറുക്കെടുത്ത സംസ്ഥാന സർക്കാരിന്റെ കാര്യണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത്. നിർമ്മാണ തൊഴിലാളിയായിരുന്ന ഉണ്ണിയും ഭാര്യ ഗീതയും രണ്ടര വർഷത്തോളമായി കുറുംബക്കാവ് ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് മുറിയെടുത്ത് ചെറിയ രീതിയിൽ പലചരക്ക് കച്ചവടം ചെയ്യുകയാണ്. നേരത്തെയുണ്ടായിരുന്ന വീടുംസ്ഥലവും മകൾ ശരണ്യയുടെ വിവാഹാവശ്യത്തിനായി വിറ്റു. പിന്നീട് വാങ്ങിയ നാലുസെന്റ് സ്ഥലത്ത് കേരള ബാങ്കിൽനിന്ന് വായ്പയെടുത്താണ് വീട് നിർമ്മിച്ചത്. തിരിച്ചടവ് മുടങ്ങി കുടിശികയായി. ഇതിനിടയിൽ പലചരക്ക് കട തുടങ്ങാൻ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പണം കടം വാങ്ങി. കൊവിഡ് പ്രതിസന്ധിയിൽ ഈ പണവും തിരിച്ച് നൽകാനാകാതെ വിഷമിക്കുമ്പോഴാണ് കാരുണ്യ ലോട്ടറിയിലൂടെ അനുഗ്രഹം എത്തിയത്.

സബ് ഏജന്റായ മേക്കാട് സ്വദേശി പീതാംബരന്റെ കൈയിൽനിന്നാണ് ടിക്കറ്റെടുത്തത്. ചെറുപ്പം മുതൽ ഉണ്ണി ലോട്ടറി ടിക്കറ്റുകൾ എടുക്കാറുണ്ട്. പരമാവധി 5000രൂപ വരെയാണ് അടിച്ചിട്ടുള്ളത്. വ്യാഴാഴ്ച വൈകിട്ട് ഫലം വന്നപ്പോൾ ഉണ്ണി വാങ്ങിയ ടിക്കറ്റ് കടയിൽവച്ചിരിക്കുകയായിരുന്നു. ഉണ്ണിയുടെ മകൻ ശരത് കടയിലെത്തി ടിക്കറ്റ് നോക്കിയപ്പോഴാണ് ഒന്നാം സമ്മാനമുണ്ടെന്ന് അറിഞ്ഞത്. ഒരു വർഷത്തോളം വിദേശത്തായിരുന്ന ശരത് കൊവിഡ് പ്രതിസന്ധിയെത്തുടർന്നാണ് മടങ്ങിയെത്തിയത്. ഒന്നരവർഷത്തോളമായി മറ്റ് തൊഴിലുകളൊന്നും ലഭിച്ചിട്ടില്ല. ടിക്കറ്റ് അത്താണി എസ്. ബി.ഐ ശാഖയിൽ ഏൽപ്പിച്ചു. വായ്പകളെല്ലാം തീർത്ത് നല്ലനിലയിൽ കച്ചവടം തുടരണമെന്നാണ് ഉണ്ണിയുടെ ആഗ്രഹം.