തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ കൗൺസിൽ തീരുമാനങ്ങൾ മിനിറ്റ്സിൽ കൃത്രിമം കാണിച്ച് അട്ടിമറിക്കുന്നതായി ആരോപണം. മാർച്ച് 31 ന് ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിന്റെ മിനിറ്റ്സിലാണ് ചെയർപേഴ്സൺ അട്ടിമറിച്ചതായി ആരോപണം ഉയർന്നിരിക്കുന്നത്. നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണബോർ‍ഡ് 4.11 കോടി രൂപ പിഴ ഈടാക്കിയ സംഭവത്തിൽ സ്റ്റേ വാങ്ങുന്നതിനായി ഹരിത ട്രിബ്യുണലിനെ സമീപിക്കാൻ കൗൺസിൽ ഐക്യകണ്ഠേന തീരുമാനിച്ചിരുന്നു. എന്നാൽ യോഗ തീരുമാനങ്ങളുടെ മിനിട്ട്സ് തയ്യാറാക്കിയതിൽ വിഷയം ഉൾപ്പെടുത്തിയിട്ടില്ല. ഇത് നഗരസഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കും.

മലിനീകരണ നിയന്ത്രണ ബോർ‍ഡ് 4.11 കോടി രൂപ പിഴ ഈടാക്കിയ സംഭവം മാർച്ച് 31 ന് ചേർന്ന അടിയന്തര കൗൺസിൽ അജണ്ഡയായി കൊണ്ടുവരാൻ ഭരണ സമിതിക്ക് താത്പര്യമുണ്ടായിരുന്നില്ലെങ്കിലും കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ് എം.കെ ചന്ദ്ര ബാബു,എൽ.ഡി.എഫ് കൗൺസിലർമാരായ എം.ജെ. ഡികസൺ,ജിജോ ചിങ്ങം തറ,പി.സി മനൂപ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ചർച്ച ചെയ്യാൻ തീരുമാനിച്ചത്.

കൂടാതെ വാട്ടർ മെട്രോയ്ക്ക് സ്ഥലം ഏറ്റെടുക്കുന്ന നഗരസഭാ 33 ഡിവിഷനിലെ അട്ടിപ്പേറ്റി നഗർ റോഡിൽ ഇടപ്പള്ളി തോട് സംരക്ഷണ ഭിത്തി നിർമ്മാണത്തിനായി 65,21,000 ലക്ഷം രൂപ അനുവദിക്കുന്നതും 16 ഡിവിഷനിലെ അന്നാക്കാത്ത് റോഡ് നവീകരണം 66,24,000 രൂപ പൊതുഫണ്ടിൽ നിന്ന് ചെലവഴിക്കുന്നതിനെതിരെയും പ്രതിപക്ഷ വിയോജനം രേഖപ്പെടുത്തിയിരുന്നു.