കൊച്ചി: വിദ്യാഭ്യാസ, സഹകരണ മേഖലകൾ തമ്മിൽ യോജിച്ച് പ്രവർത്തിച്ചാൽ അനന്തമായ സാധ്യതകളാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. സഹകരണ എക്‌സ്‌പോയിലെ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ലാസ് മുറികളിൽ ഒതുങ്ങാതെ നൈപുണ്യ പരിശീലനം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കണം. വിദ്യാർത്ഥികളുടെ സംരംഭകത്വ താത്പര്യങ്ങളെയും പരിപോഷിപ്പിക്കണം. മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗം സെക്രട്ടറി ഡോ. രാജൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. മുൻ പി.എസ്.സി ചെയർമാൻ എം. ഗംഗാധരക്കുറുപ്പ്, ഐ.സി.എം കണ്ണൂർ ഡയറക്ടർ ശശികുമാർ എം. വി, റബ്‌കോ ചെയർമാൻ എൻ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. കേപ്പ് ഡയറക്ടർ ഡോ. ആർ ശശികുമാർ മോഡറേറ്ററായി. കണയന്നൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.എസ് ഷൺമുഖദാസ് സ്വാഗതവും അസിസ്റ്റന്റ് രജിസ്ട്രാർ എ.ബിന്ദു നന്ദിയും പറഞ്ഞു.
സഹകരണ മേഖലയും സാമ്പത്തിക വികസനവും സെമിനാർ മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
സഹകരണ മന്ത്രി വി.എൻ. വാസവൻ ഇന്നലെ വീണ്ടും സ്റ്റാളുകൾ സന്ദർശിച്ചു. കേരള വ്യാസൻ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച 'കേരളം' എന്ന കൃതിയുടെ ഇംഗ്ലീഷ് പതിപ്പ് സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാർ പ്രകാശനം ചെയ്തു. എൻ. മാധവൻകുട്ടി പുസ്തകം ഏറ്റുവാങ്ങി.
വി.ഡി.സതീശൻ എക്സ്പോയിൽ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സി.എം.പി നേതാവ് സി.പി. ജോണും സഹകരണ എക്‌സ്‌പോ സന്ദർശിച്ചു. എക്‌സ്‌പോയ്ക്കായി ബഡ്ജറ്റ് വിഹിതം അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്നും സി.പി. ജോൺ പറഞ്ഞു. സഹകരണ സംഘം അഡീഷണൽ രജിസ്ട്രാർ എം. ബിനോയ് കുമാറും എറണാകുളം ജോയിന്റ് രജിസ്ട്രാർ കെ. സജീവ് കർത്തയും ഇവർക്ക് ഉപഹാരങ്ങൾ നൽകി.