കൊച്ചി: പരിസ്ഥിതി മലിനീകരണം കുറയ്ക്കാനായി ശാസ്ത്രീയമായ ഗ്രീൻബെൽറ്റ് ഒരുക്കാത്തതിന് ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി.പി.സി.എൽ) രണ്ടു മാസത്തിനകം രണ്ടുകോടിരൂപ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് നഷ്ടപരിഹാരം നൽകാൻ ദേശീയ ഹരിതട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് ഉത്തരവിട്ടു.
മലിനീകരണ നിയന്ത്രണബോർഡ് ഈ തുക ഉപയോഗിച്ച് കൊച്ചി അമ്പലമുകളിലെ ബി.പി.സി.എൽ ഫാക്ടറിക്ക് അകത്തും പുറത്തും സമീപത്തെ റെസിഡൻഷ്യൽ മേഖലയിലും മരങ്ങൾ വച്ചുപിടിപ്പിച്ച് ഗ്രീൻകവർ (ഹരിതകവചം) സ്ഥാപിക്കണമെന്നും ജുഡിഷ്യൽ അംഗം ജസ്റ്റിസ് കെ. രാമകൃഷ്‌ണൻ, വിദഗ്ദ്ധ അംഗം ഡോ. സത്യഗോപാൽ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ വിധിയിൽ പറയുന്നു.
പരിസ്ഥിതി സംരക്ഷണത്തിന് ബി.പി.സി.എൽ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും പാരിസ്ഥിതികാനുമതി ലഭിക്കുന്നതിനുള്ള വ്യവസ്ഥകളായ ഗ്രീൻബെൽറ്റ്, ബഫർസോൺ തുടങ്ങിയവ ഒരുക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അമ്പലമേട് സ്വദേശി എൻ.ജി. സോമൻ ഉൾപ്പെടെയുള്ള സ്ഥലവാസികളാണ് ഹർജികൾ നൽകിയത്. വനംവകുപ്പുമായി ആലോചിച്ച് ഗ്രീൻബെൽറ്റ് മേഖലയിൽ കൂടുതൽ വൃക്ഷങ്ങൾ ബി.പി.സി.എൽ വച്ചുപിടിപ്പിക്കണമെന്നും നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡ് തുക ഈടാക്കാൻ നിയമനടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
2016ൽ ഈ മേഖലയിലുണ്ടായ വാതകചോർച്ചയിൽ മുപ്പത് സ്കൂൾകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുൾപ്പെടെ ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ശബ്ദ - വായു മലിനീകരണം കുറയ്ക്കാൻ നടപടികൾ ഇല്ലെന്ന് ട്രൈബ്യൂണൽ നിയോഗിച്ച ഏജൻസികളും റിപ്പോർട്ട് നൽകി. നിയമപ്രകാരം വ്യവസായശാലയുടെ ആകെ ഭൂമിയുടെ 33 ശതമാനം ഹരിതമേഖലയാക്കണം. കമ്പനി ഇത് പാലിച്ചില്ലെന്നും ശാസ്ത്രീയമായ ഗ്രീൻബെൽറ്റ് ഒരുക്കിയില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. നാലുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നും വിധിയിൽ പറയുന്നു.