കൊച്ചി: എത്തിയത് പരാതി നൽകാൻ. പക്ഷേ, തിരിച്ച് പോകേണ്ടിവന്നത് രണ്ടുപേരുടെ ആൾ ജാമ്യത്തിൽ ! എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഇന്നലെ ഉച്ചയോടെയാണ് നാടകീയ സംഭവങ്ങൾ. പരാതി നൽകാനെത്തിയ കൊല്ലം സ്വദേശിനിയാണ് വണ്ടിച്ചെക്ക് കേസിൽ കുടുങ്ങിയത്. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവെ ദൃശ്യം പകർത്താൻ ശ്രമിച്ചയാളെ ഇവർ കൈയേറ്റവും ചെയ്തു. ഈ വീഡിയോ പിന്നീട് വ്യാപകമായി പ്രചരിച്ചതോടെയാണ് യുവതിയുടെ അറസ്റ്റ് വൈറലായത്.
യുവതിയും കാസർകോട് സ്വദേശിയും പാലാരിവട്ടത്ത് മുറി വാടകയ്ക്കെടുത്ത് സ്ഥാപനം നടത്താൻ പദ്ധതിയിട്ടിരുന്നു. എന്നാൽ മുറി സ്വന്തമാക്കിയെങ്കിലും വാടകയായി വണ്ടിച്ചെക്കാണ് നൽകിയത്. ഇതിനുപുറമേ തന്നെ മർദ്ദിച്ചുവെന്നെല്ലാം കാട്ടി ഉടമ ഇവർക്കെതിരെ പൊലീസിനെ സമീപിച്ചിരുന്നു. യുവതിയും യുവാവും ഉടമയ്ക്കെതിരെയും നിരവധി പരാതികൾ നൽകിയിട്ടുണ്ട്. ഉടമ നൽകിയ വണ്ടിച്ചെക്ക് കേസിൽ കോടതി വാറണ്ടായ വിവരം അറിയാതെയാണ് യുവതി ഇന്നലെ മറ്റൊരു പരാതിയുമായി എത്തിയത്.
പരാതി സ്വീകരിച്ച പൊലീസ് യുവതിയെ അറസ്റ്രുചെയ്ത് ഇന്നലെ ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. രണ്ടുപേരുടെ ജാമ്യത്തിൽ പിന്നീട് പുറത്തിറങ്ങി. അതേസമയം കൈയേറ്റത്തിന് ഇരയായ ആൾ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.