മൂവാറ്റുപുഴ: ബലൂണുകളിൽ വിവിധ രൂപങ്ങൾ പിറന്നപ്പോൾ പായിപ്ര ഗവ. യു.പി സ്കൂളിലെ കൊച്ചുകൂട്ടുകാർക്ക് വിസ്മയവും ആഹ്ലാദവും. അവർ ബലൂൺ രൂപങ്ങൾ ഉപയോഗിച്ച് കഥപറഞ്ഞും പാട്ടുപാടിയും അവധിക്കാലം ആവേശമാക്കി. പായിപ്ര യു.പി സ്കൂളിൽ ആരംഭിച്ച കളിയൂഞ്ഞാൽ അവധിക്കാല ക്യാമ്പിന്റെ ഭാഗമായാണ് തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം കുട്ടികൾക്ക് ബലൂൺ ആർട്ടിൽ ഈസ്റ്റ് മാറാടി ഹോളി ഫാമിലി സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിയായ റൈഹാൻ സമീർ പരിശീലനം നൽകിയത്. എല്ലാ വിദ്യാർത്ഥികൾക്കും പരിശീലനം നൽകിയതിനുശേഷം വിവിധ രൂപങ്ങൾ ബലൂണിൽ തീർത്ത് ബലൂൺ എക്സ്‌പോ നടത്തുമെന്ന് ക്യാമ്പ് കോ ഓർഡിനേറ്ററും പായിപ്ര സ്കൂൾ അദ്ധ്യാപകനുമായ കെ.എം. നൗഫൽ പറഞ്ഞു.
കൊവിഡ് ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻവഴി ഏഷ്യ ബുക്ക് ഒഫ് റെക്കാഡ് ഉടമയായ ഷിജിന പ്രീതിന്റെ നേതൃത്വത്തിൽ നടത്തിയ ബലൂൺ ആർട്ട് കോഴ്സിൽ ചേർന്നാണ് റൈഹാൻ പഠിച്ചത്. ഹോം ബേക്കിംഗ് സ്ഥാപന ഉടമ കൂടിയായ തസ്നിം സമീറും റൈഹാന് പ്രചോദനമായി എപ്പോഴും ഒപ്പമുണ്ട്. റൈഹാന് സ്വന്തമായി ടെക്ക് ആൻഡ് വ്ളോഗ്സ് എന്ന പേരിൽ യൂട്യൂബ് ചാനലുമുണ്ട്.
ജന്മദിനം, വിവാഹം, വിവാഹ വാർഷികം തുടങ്ങിയ വിവിധ ആഘോഷദിവസങ്ങളിൽ ബലൂൺകൊണ്ട് വിവിധ രൂപങ്ങൾ തയ്യാറാക്കി അലങ്കരിക്കാൻ പോകാറുണ്ട്. ഇതിലൂടെ ചെറിയൊരു വരുമാനവുമുണ്ട്. ഈ അവധിക്കാലത്ത് നിരവധി സ്കൂളുകളിലും അങ്കണവാടികളിലും ബി.ആർ സി കളിലും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈനായും ഓഫ് ലൈനായും ക്ലാസെടുത്തുവരുന്നു. ബലൂണുകൾ വെറുതെ ഊതിവീർപ്പിച്ച് പൊട്ടിച്ചു കളയാനുള്ളതല്ലെന്നും ബലൂൺ ആർട്ടിലൂടെ വർണവിസ്മയമൊരുക്കി ആർക്കും വരുമാനം നേടാമെന്നുമാണ് പത്തു വയസുകാരനായ റൈഹാൻ സമീറിന്റെ അനുഭവസാക്ഷ്യം.