കൊച്ചി: കൊച്ചി മെട്രോയിലെ ജനറൽ മാനേജർ (മാർക്കറ്റിംഗ് - ആൾട്ടർനേറ്റീവ് റവന്യൂ ആൻഡ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്) നിയമനം നിയമ വിരുദ്ധമാണെന്നു വിലയിരുത്തിയ ഹൈക്കോടതി ഒരു മാസത്തിനകം ഉചിതമായ നടപടിയെടുക്കാൻ നിർദ്ദേശിച്ചു. മാർക്കറ്റിംഗ് ജനറൽ മാനേജരായി നിരീഷ് ചക്കുംകുളങ്ങരയെ നിയമിച്ചതിനെതിരെ എറണാകുളം ഇടപ്പള്ളി സ്വദേശി സുരേഷ് ജോർജ്ജ് നൽകിയ ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.
2020 സെപ്തംബർ 23നാണ് മാർക്കറ്റിംഗ് ജനറൽ മാനേജർ തസ്തികയിലേക്ക് കൊച്ചി മെട്രോ അപേക്ഷ ക്ഷണിച്ചത്. ഹർജിക്കാരനടക്കമുള്ളവർ അപേക്ഷ നൽകിയിരുന്നു. 2020 സെപ്തംബർ ഒന്നിന് 45 വയസ് തികയണമെന്നായിരുന്നു ഒരു വ്യവസ്ഥ. നിയമനം ലഭിച്ച നിരീഷിന് 2020 സെപ്തംബർ 19 നാണ് 45 വയസ് തികഞ്ഞതെന്നും നിയമനം റദ്ദാക്കണമെന്നും ഹർജിക്കാരൻ വാദിച്ചു. സെലക്ഷൻ ലിസ്റ്റിൽ രണ്ടാം റാങ്കുകാരനായിരുന്നു സുരേഷ്. ഇന്റർവ്യൂവിൽ മികച്ച പ്രകടനം കാഴ്‌ചവച്ചതിനെത്തുടർന്ന് നിരീഷിന് പ്രായനിബന്ധനയിൽ ഇളവു നൽകിയെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി. എന്നാൽ വിജ്ഞാപന പ്രകാരമുള്ള മിനിമം പ്രായത്തിന്റെ കാര്യത്തിൽ ഒരു ദിവസം പോലും ഇളവു ചെയ്യാൻ ഇന്റർവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും പൊതുസ്ഥാപനമെന്ന നിലയിൽ കൊച്ചി മെട്രോയുടെ നടപടികൾ സുതാര്യമാകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമനത്തിനെതിരെ ഹർജിക്കാരൻ പരാതി നൽകാൻ വൈകിയെന്ന മെട്രോയുടെ വാദവും ഹൈക്കോടതി തള്ളി. പരാതി നൽകാൻ വൈകിയെന്നതു അനധികൃത നിയമനം ശരിവയ്ക്കാൻ കാരണമല്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.