john-paul

മോഹൻലാൽ

പ്രിയപ്പെട്ട ജോൺപോളേട്ടൻ നമ്മളെ വിട്ടുപിരിഞ്ഞു. ഉൾക്കരുത്തുള്ള തിരക്കഥകളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാവുകത്വം പകർന്നുനൽകിയ അത്യപൂർവ പ്രതിഭാശാലിയായിരുന്ന അദ്ദേഹത്തിന്റെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. മനുഷ്യബന്ധങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന എത്രയെത്ര കഥാപരിസരങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. സുന്ദരമായ പുഞ്ചിരിയിലൂടെ, അതിലും സുന്ദരമായ ഭാഷയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ആ വലിയ കഥാകാരന് കണ്ണീരിൽ കുതിർന്ന പ്രണാമം.

യാത്രാമൊഴി

മഞ്ജു വാര്യർ

യാത്ര..മിഴിനീർപൂവുകൾ..ഇനിയും കഥ തുടരും...വിടപറയും മുമ്പേ...ഞാൻ ഞാൻ മാത്രം.... ഓർമ്മയ്ക്കായി...
ഈ നിമിഷത്തിന് തലവാചകമയേക്കാവുന്ന എത്രയോ സിനിമകൾ!
കുറച്ചുദിവസം മുമ്പ് ജോൺപോൾ സാറിനെ ആശുപത്രിയിൽ പോയി കണ്ടിരുന്നു. എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകൾക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകൾക്ക്. അത് സത്യമാകുമെന്നുതന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്.

തീരാനഷ്ടം

മമ്മൂട്ടി

ജോൺപോളിന്റെ വേർപാട് മലയാള സിനിമാ ലോകത്തിന് തീരാനഷ്ടമാണ്. അന്ത്യം തീർത്തും അപ്രതീക്ഷിതമാണ്. ചികിത്സയിലായിരുന്നപ്പോൾ അദ്ദേഹത്തെ കണ്ടിരുന്നു. തിരിച്ചുവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.