കൊച്ചി: നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം എസ്.ആർ.എം റോഡിലുള്ള ഫ്ലാറ്റിൽ തീപിടുത്തം. ഇന്നലെ രാത്രി 12.50ന് ആണ് സംഭവം.

മെഡോസ് വട്ടോളി എന്ന ഫ്ലാറ്റിന്റെ നാലാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഫ്ലാറ്റിലെ എ.സിയിൽ നിന്ന് ഷോർട് സർക്യൂട്ടിനെ തുടർ‌ന്നുണ്ടായ തീ ആളിപ്പടർന്നതാണ് അപകടത്തിന് കാരണം. അമ്പലപ്പുഴ സ്വദേശി ബാലകൃഷ്ണപ്പണിക്കരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റ് ഫൈസൽ എന്ന വ്യക്തി ഓഫീസ് ആവശ്യത്തിനായി വാടകയ്ക്ക് എടുത്തിരിക്കുകയായിരുന്നു. തീപിടിത്തത്തിൽ ഫർണീച്ചറുകൾക്ക് നശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഏകദേശം 2 ലക്ഷം രൂപയുടെ പ്രാഥമിക നാശനഷ്ടം കണക്കാക്കുന്നതായി അഗ്നിശമന സേന അറിയിച്ചു. ചെറിയ തീപിടുത്തമായിരുന്നെങ്കിലും അപകടാവസ്ഥ വലുതായിരുന്നു. പുക നിറഞ്ഞ കെട്ടിടത്തിൽ ബി.എ സെറ്റ് ധരിച്ച് സാഹസികമായാണ് അഗ്നിശമന സേനാംഗങ്ങൾ പ്രവേശിച്ചത്. തുടർന്ന് മറ്റ് ഫ്ലാറ്റിലുള്ള താമസക്കാരെ അവിടെ നിന്ന് ഒഴിപ്പിച്ച ശേഷം തീ അണക്കുകയായിരുന്നു. റീജിയണൽ ഫയർ ഓഫീസർ രാജേഷ്, ജില്ലാ ഫയർ ഓഫീസർ ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷപ്രവർത്തനം നടത്തിയത്. ഗാന്ധിനഗർ, ക്ലബ് റോഡ് തൃക്കാക്കര എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമാണ് തീ അണച്ചത്.