അങ്കമാലി: സമയോചിതമായി അടിയന്തര വൈദ്യസഹായം നൽകി കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രികനായ യുവാവിന്റെ ജീവൻ രക്ഷിച്ച അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിലെ നഴ്‌സ് ഷീബ അനീഷിനെ ഹോസ്പിറ്റൽ മാനേജ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ബെന്നി ബഹനാൻ എം.പി, റോജി എം. ജോൺ എന്നിവർ ചേർന്ന ഷീബയ്ക്ക് മെമന്റോ കൈമാറി. ഏപ്രിൽ 16ന് ആയിരുന്നു സംഭവം. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് ട്രാൻ. ബസിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷീബയുടെ പിന്നിലിരുന്ന വിഷ്ണു എന്ന യാത്രക്കാരൻ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ബോധരഹിതനായ വിഷ്ണുവിന്റെ പൾസ്
കുറയുകയാണെന്ന് മനസിലാക്കിയ ഷീബ സി.പി.ആർ നൽകാൻ ആരംഭിച്ചു. രണ്ടുതവണ സി.പി.ആർ നൽകിയതോടെ
ബോധം വീണ്ടെടുത്തു.വിഷ്ണുവിന് അത് ജീവിതത്തിലേക്കുള്ള മടക്കമായിരുന്നു. തൊട്ടടുത്ത ഹോസ്പിറ്റലിൽനിന്ന് അതിവേഗം തുടർചികിത്സ ലഭിച്ച വിഷ്ണു ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.