പറവൂർ: ദേശീയപാത 66 വികസനത്തിന് മൂത്തകുന്നം മുതൽ ഇടപ്പള്ളിവരെ സ്ഥലമേറ്റെടുക്കുന്ന നടപടി ഇഴയുന്നു. സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരെ പലതവണ മാറ്റിയെങ്കിലും നടപടികൾ ഇഴയുകയാണ്. ഏപ്രിൽ പത്തിനകം ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കുമെന്ന് ജില്ലാകളക്ടർ പ്രഖ്യാപിച്ചിരുന്നു. ജീവനക്കാരുടെ നിസംഗതയാണ് പ്രഖ്യാപനം നടക്കാതെപോയതിനുപിന്നിൽ. നിലവിലെ സാഹചര്യത്തിൽ മേയ് അവസാനമാകുമ്പോഴേക്കും പൂർത്തിയാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എന്നാൽ ഈരീതിയിലാണ് പോകുന്നതെങ്കിൽ ജൂലായ് കഴിഞ്ഞാലും ഏറ്റെടുക്കൽ പൂർത്തിയാവില്ലെന്നാണ് സൂചന.

വിവരങ്ങൾ അറിയാൻ ചെന്നാൽ ഓഫീസിൽ കയറ്റുന്നില്ല. ഓഫീസിന് പൊലീസ് കാവലുണ്ട്. ഏറ്റെടുക്കുന്ന സ്ഥലംഉടകൾക്ക് ഭൂമിയുമായി ബന്ധപ്പെട്ട് പലപ്രശ്നങ്ങളുണ്ട്. ഇവയുടെ വിവരങ്ങൾ അറിയിക്കാൻ എത്തുമ്പോൾ മടക്കിഅയക്കുകയാണെന്ന് ഭൂവുടമകൾ പറയുന്നു. ജീവനക്കാരുടെ ജോലി തടസപ്പെടാതിരിക്കാനും ധനസഹായവിതരണം വേഗത്തിലാക്കാനും വേണ്ടിയാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്നും ഓഫീസിൽ എത്തുന്നവരോട് കാര്യങ്ങൾ ചോദിച്ചറിയാൻ പ്രത്യേകം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി കളക്ടർ വിശദീകരിക്കുന്നു. 24 കിലോമീറ്ററിൽ ഏറ്റെടുക്കാനുള്ള 31ഹെക്ടറിൽ 30 ഹെക്ടർ സ്വകാര്യഭൂമിയും ഒരു ഹെക്ടർ സർക്കാർ ഭൂമിയുമാണ്. ഇനിയും 1486 കൈവശക്കാർക്ക് പണം നൽകാനുണ്ട്.