മൂവാറ്റുപുഴ: ജനറൽ ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ കൂടുതൽ നവീകരണ പ്രവർത്തനങ്ങൾ ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. ഇതിനായി അന്താരാഷ്ട്ര നിലവാരത്തിൽ തയ്യാറാക്കിയ മാസ്റ്റർപ്ലാൻ സംബന്ധിച്ച് ആശുപത്രിയിൽ പരിശോധനയ്ക്കും ഉന്നതതല ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്കുംശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി . മാസ്റ്റർപ്ലാൻ അനുസരിച്ച് വേണ്ട ഇടപെടലുകൾ സർക്കാർ നടത്തും. സാധാരണക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ നയം. വികസന കാര്യങ്ങളിൽ ആരോഗ്യ ചികിത്സാരംഗത്തിന് പ്രഥമ പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.
വിദഗ്ദമായ പ്ലാനുകൾ തയ്യാറാക്കുന്ന പരിചയസമ്പന്നരായ പ്രത്യേക ഏജൻസിയാണ് പ്ലാൻ തയ്യാറാക്കിയത്. ഇതിനായി പത്ത് ലഷം രൂപ ചെലവായതായി മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുനിസിപ്പൽ വൈസ് ചെയർമാൻ സിനി ബിജു, കൗൺസിലർമാരായ അജി മുണ്ടാട്ട്, ജിനു മടേയ്ക്കൽ, പ്രമീള ഗിരീഷ്‌കുമാർ, ജോയ്സ് മേരി ആന്റണി, ബിന്ദു സുരേഷ്, ഡി.എം.ഒ ഡോ. ജയശ്രീ, ഡോ. സജിത് ജോൺ എന്നിവരും പങ്കെടുത്തു.