
(മോഹൻ, സംവിധായകൻ)
കോടമ്പാക്കത്ത് ആരംഭിച്ചതാണ് ഞാനും ജോൺ പോളും തമ്മിലുള്ള ബന്ധം. കൊച്ചിയിൽ എത്തിയതോടെ സിനിമയ്ക്കുപ്പുറത്ത് കുടുംബങ്ങൾ തമ്മിലുള്ള ബന്ധമായി വളർന്നു. അഞ്ചു സിനിമകളേ ഒരുമിച്ച് ചെയ്തിട്ടുള്ളൂ.
കോടമ്പാക്കം കാലത്ത് ഒരിക്കൽ പറഞ്ഞു, തിരക്കഥ എഴുതും, എനിക്കൊപ്പം പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്ന്. കഥയറിയാതെ, വിടപറയും മുമ്പേ, ഇളക്കങ്ങൾ, രചന, ആലോലം എന്നീ സിനിമകൾ ഒരുമിച്ച് ചെയ്തു. ഞാൻ തന്നെ നിർമ്മിച്ച വിടപറയും മുമ്പേ ഞങ്ങൾ ഒരുമിച്ച് എഴുതിയതാണ്. രചനയിൽ തിരക്കഥ ജോണിന്റെ മാത്രം പേരിലായിരുന്നു. നാലോ അഞ്ചോ വാചകങ്ങളിൽ ചുരുക്കി കഥ പറയാനുള്ള വൈഭവം അദ്ദേഹത്തിനുണ്ടായിരുന്നു.
ഒ.കെ. പിള്ള, ഓമനപ്പിള്ള എന്നൊരു സിനിമ പ്ളാൻ ചെയ്തെങ്കിലും നടന്നില്ല.
രണ്ട് ടി.വി ഫിലിമുകൾ ചെയ്തു. സിനിമയും സാഹിത്യവും ഞങ്ങൾ സംസാരിക്കും. ജോൺ വിളിച്ചതിനാൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിപ്പിക്കാൻ പോയി. സ്വയം ഒതുങ്ങിയിരുന്ന എന്നെ ക്ളാസെടുക്കാനും പ്രസംഗിപ്പിക്കാനും സജ്ജമാക്കിയത് ജോണാണ്.
നല്ലൊരു പത്രപ്രവർത്തകനായത് അദ്ദേഹത്തിന്റെ എഴുത്തിനും പ്രഭാഷണത്തിനും ഗുണം ചെയ്തു. പുസ്തകങ്ങൾ ഒറ്റയിരിപ്പിന് വായിച്ചുതീർക്കും.
ശാരീരിക വിഷമതകൾ മൂലം മനസിലെ സിനിമകളെല്ലാം സഫലമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ശരീരമാണ് അദ്ദേഹത്തിന് ശത്രുവായത്. അല്ലെങ്കിൽ സിനിമയ്ക്കായി ധാരാളം ചെയ്യാൻ ജോണിന് കഴിഞ്ഞേനെ.
ചലച്ചിത്രമേഖലയിൽ നിന്നുണ്ടായ പാളിച്ചകളാണ് അദ്ദേഹത്തിന് വില്ലനായത്. സാമ്പത്തിക തകർച്ച ഉണ്ടായതും അങ്ങനെയാണ്. പത്തുദിവസം മുമ്പ് ആശുപത്രിയിൽ പോയി കണ്ടിരുന്നു. മരണവാർത്ത അറിഞ്ഞ് പോയി കണ്ടു. അദ്ദേഹത്തിന്റെ മകളും എന്റെ ഭാര്യയും തമ്മിൽ ആത്മബന്ധമുണ്ട്.