
കൊച്ചി: വ്യവസായ രംഗത്തുള്ള സഹകരണ മേഖലയുടെ ഇടപെടൽ ശക്തമാക്കിയും ഉത്പാദനം വർദ്ധിപ്പിച്ചും മുന്നോട്ട് പോകണമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. സഹകരണ എക്‌സ്‌പോയിൽ വ്യവസായം, ചെറുകിട വ്യവസായം, തൊഴിൽ വരുമാന വർദ്ധന മേഖലകളിൽ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക് അവസരങ്ങളും സാധ്യതകളും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേരത്തെ പ്രഖ്യാപിച്ച ഒരു ലക്ഷം തൊഴിൽ സംരംഭം സഹകരണ മേഖലയിൽ സൃഷ്ടിച്ചു കൊണ്ട് വ്യവസായ മേഖലയിൽ വളർച്ചയുണ്ടാക്കാൻ കഴിയും. അഭ്യസ്തവിദ്യരായ വീട്ടമ്മമാർക്ക് അവരുടെ കഴിവുകൾ തെളിയിക്കാൻ അവസരമൊരുക്കുന്നതിലൂടെ സ്ത്രീ ശാക്തീകരണം യാഥാർത്ഥ്യമാക്കാം. ഇക്കാര്യത്തിൽ സഹകരണ മേഖലയുടെ പങ്ക് അനിവാര്യമാണ്. മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വില്പനയിലൂടെ കർഷകർക്ക് മികച്ച വരുമാനം സൃഷ്ടിക്കാനും കഴിയുമെന്നും വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
വേനലവധിക്ക്
വിനോദ യാത്രയുണ്ടോ
വേനലവധിക്ക് വിനോദയാത്രയ്ക്ക് പോകുന്നുണ്ടോ? എങ്കിൽ സ്ഥലം തീരുമാനിക്കാൻ സഹകരണ എക്‌സ്‌പോ സന്ദർശിക്കുക. ടൂറിസം വികസനത്തിനായി ടൂറിസം ഫെഡറേഷന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രാദേശിക സഹകരണ സംഘങ്ങൾ വിവിധങ്ങളായ ടൂർ പാക്കേജുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. പോക്കറ്റിന് ഇണങ്ങും വിധം യാത്രയും താമസവും ഭക്ഷണവും തിരഞ്ഞെടുക്കാം. ഏകദേശം 2 ലക്ഷം യാത്ര സൗകര്യം ഒരുക്കുകയാണ് സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ടൂറിസം ഫെഡ്. ഒരു ദിന വിസ്മയ യാത്ര, ഏകദിന ടൂർ പാക്കേജുകൾ, തേക്കടി, മൂന്നാർ ടൂർ, തീർത്ഥാടന പാക്കേജ് , ലോക കാഴ്ചകൾ തുടങ്ങിയവയാണ് ടൂർ ഫെഡറേഷൻ സംഘടിപ്പിച്ചിരിക്കുന്ന യാത്രകൾ.
നാടകം ഇന്ന്
സഹകരണ എക്‌സ്‌പോയിൽ ഇന്ന് വൈകിട്ട് 7 മണിയ്ക്ക് അവതരിപ്പിക്കുന്ന വൈക്കം മാളവികയുടെ മഞ്ഞുപെയ്യുന്ന മനസ് നാടകത്തിന്റെ 270ാംമാത് വേദിയുടെ ഉദ്ഘാടനം മന്ത്രിമാരായ പി. രാജീവും വി. വാസവനും ചേർന്ന് നിർവഹിക്കും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷത വഹിക്കും.