കൊച്ചി: എബ്രഹാം മാടമാക്കൽ റോഡിൽ ഓടയിലേക്ക് വെള്ളമൊഴുക്കാനായി നിർമ്മിച്ച കുഴിയിൽ വീണു വീട്ടമ്മയുടെ കാലൊടിഞ്ഞ സംഭവത്തിൽ പരസ്പരം പഴിചാരി വിവിധ ഏജൻസികൾ. പൊന്നാരിമംഗലം മുളവുകാട് കുയിലത്തു പ്രകാശന്റെ ഭാര്യ പ്രമീള (56)ആണ് അപകടത്തിൽ പെട്ടത്. കഴിഞ്ഞ ഏഴിന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പഴയ ഹൈക്കോടതി കെട്ടിടത്തിന് സമീപം നേവി ക്വാർട്ടേഴ്സിന് മുൻപിലുള്ള കുഴിയിലാണ് ഇവർ വീണത്. നടപ്പാതയിലെ പെട്ടിക്കടയിൽ നിന്ന് സർബത്ത് കുടിച്ചശേഷം വലതുകാൽ എടുത്തുവച്ചത് കുഴിയിലേക്കാണ്. വഴിയാത്രക്കാരുടെ സഹായത്തോടെ കുഴിയിൽ നിന്ന് കയറിയെങ്കിലും രണ്ടു കാലിലും നീരുവന്നു. കലുകൾ തറയിൽ കുത്താൻ കഴിയാത്ത അവസ്ഥയായി. പരിചയക്കാരന്റെ സഹായത്തോടെ മുളവുകാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോയി. കാലിൽ ഒടിവുണ്ടെന്ന് ഡോക്‌ടർ സ്ഥിരീകരിച്ചതോടെ സ്വകാര്യ ആശുപത്രിയിലെത്തി പ്ളാസ്റ്ററിട്ടു. സൂക്ഷിച്ചില്ലെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകിയതിനാൽ കിടക്കയിൽ തന്നെയാണെന്ന് പ്രമീള പറഞ്ഞു. കോൺവെന്റ് ജംഗ്ഷനു സമീപം തയ്യൽജോലി ചെയ്ത് വരികയായിരുന്ന ഇവർക്ക് ഇപ്പോൾ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കണമെങ്കിൽ പോലും മറ്റൊരാളുടെ സഹായം വേണം. ഭർത്താവ് എടുത്ത് ബാത്ത്‌റൂമിലെത്തിച്ചാണ് പ്രാഥമിക കൃത്യങ്ങൾ ചെയ്യുന്നത്. ജോലിക്കും പോകാനാകാതെ വന്നതോടെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ് കുടുംബം. മൂന്നു ദിവസം മുമ്പ് കോർപ്പറേഷൻ സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് പ്രമീള പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ
റോഡെന്ന് മേയർ
എബ്രഹാം മാടമാക്കൽ റോഡിന്റെ നവീകരണം ഏറ്റെടുത്തിരിക്കുന്നത് കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് (സി.എസ്. എം.എൽ ) ആണ്. റോഡ് പൊതുമരാമത്ത് വകുപ്പിന്റെതാണ്. അപകടത്തിന്റെ ഉത്തരവാദിത്വം കോർപ്പറേഷന്റെ തലയിൽ ചുമത്താനാണ് ശ്രമം.
മേയർ എം. അനിൽകുമാർ
സംഭവത്തിൽ ദുരൂഹതയെന്ന്
സി.എസ്.എം.എൽ
കഴിഞ്ഞ ഏഴിന് നടന്ന സംഭവത്തെ കുറിച്ച് ഇപ്പോൾ പരാതിയുമായി മുന്നോട്ടുവന്നതിൽ ദുരൂഹതയുണ്ട്. മഴവെള്ളം സുഗമമായി ഒഴുകുന്നതിനായി ഡ്രെയിനേജിനോട് ചേർന്നു സ്ഥാപിച്ച ചെറിയൊരു സുഷിരത്തിൽ വീണ് വഴിയാത്രക്കാരിക്ക് ഇത്രയും ഗുരുതരമായ പരിക്കേറ്റുവെന്ന വാദം വിശ്വസിക്കാൻ കഴിയുന്നില്ല. വേറെ ഏതെങ്കിലും വിധത്തിൽ അപകടം സംഭവിച്ചതാകാമെന്ന് സംശയമുണ്ടെന്ന് സി.എസ്.എം.എൽ വക്താവ് പറഞ്ഞു.
നാണക്കേടെന്ന്
പ്രതിപക്ഷം
സ്മാർട്ട് റോഡിലെ കുഴിയിൽ വീണ് വഴിയാത്രക്കാരിയുടെ കാലൊടിഞ്ഞ സംഭവം നഗരത്തിനു നാണക്കേടാണെന്ന് പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ പറഞ്ഞു. കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടന്ന യു.ഡി. എഫ് പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഴക്കാലത്തിനു മുമ്പ് ഇത്തരം കുഴി അടക്കൽ ജോലികളും കാന ക്ലീനിംഗും മരങ്ങളുടെ ചില്ലകൾ മുറിച്ചു മാറ്റുന്ന പ്രവൃത്തികളും ചെയ്യണമെന്ന് യു.ഡി. എഫ് ആവശ്യപ്പെട്ടു.