മട്ടാഞ്ചേരി: ജൂത തെരുവ് മത മൈത്രിയുടെ സന്ദേശം ഉണർത്തി കൊണ്ടുള്ള ഇഫ്താർ സംഗമത്തിന്റെ വേദിയായി മാറി. പ്രദേശത്ത് കച്ചവടം നടത്തി വരുന്ന കശ്മീരി ട്രേഡേഴ്സ് വെൽഫെയർ അസോസിയേഷനായിരുന്നു ഇഫ്താർ സംഘടിപ്പിച്ചത്. ജൂതപള്ളി മുറ്റം നോമ്പ് തുറക്കും , മഗ്രിബ് നമസ്കാരത്തിനും വേദിയായി മാറി.
വിവിധ മതവിഭാഗത്തിൽപ്പെട്ടവർ നിലത്ത് വിരിച്ച ഷീറ്റിൽ ഇരുന്നു നോമ്പ് തുറന്നു. കാശ്മീരികളായ മുസഫർ ഹുസൈൻ ബാങ്ക് വിളിച്ചു. ഉസ്താദ് അഫ് റോസ് നമസ്കാരത്തിന് നേതൃത്വം നൽകി. മട്ടാഞ്ചേരി അസി: പൊലീസ് കമ്മിഷണർ വി.ജി.രവീന്ദ്രനാഥ് , ഇന്ത്യൻ ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി മുൻ പ്രസിഡന്റ് സണ്ണി മലയിൽ, കേരള ഹാന്റി ക്രാഫ്റ്റ് സ് വെൽഫെയർ അസോസിയേഷൻ മുൻ സെക്രട്ടറി ജുനൈദ് സുലൈമാൻ ,അനീഷ് മട്ടാഞ്ചേരി , താഹാ ഇബ്രാഹിം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.