john-paul

കൊച്ചി: സൂപ്പർഹിറ്റുകൾ ഉൾപ്പെടെ നൂറോളം സിനിമകൾക്ക് തിരക്കഥ രചിക്കുകയും ദേശീയ പുരസ്കാരം നേടിയ സിനിമ നിർമ്മിക്കുകയും ചെയ്തെങ്കിലും ജന്മനാടായ എറണാകുളത്ത് ജോൺ പോളിന് സ്വന്തം വീടില്ലായിരുന്നു. വാടകവീടുകളിലാണ് കഴിഞ്ഞത്. സിനിമാ സംഘടനകളുടെ പടലപ്പിണക്കത്തിന്റെ ആദ്യ ഇരയും അദ്ദേഹമാണ്.

കാനറ ബാങ്കിലെ ജോലി ഉപേക്ഷിച്ച് ചെന്നൈയിൽ സിനിമയ്ക്ക് പോയപ്പോഴും കുടുംബം കൊച്ചിയിലായിരുന്നു. ബൈപ്പാസിന് സമീപം ആലിൻചുവട്ടിലെ ദ വില്ലോസ് എന്ന വാടകവീട്ടിലായിരുന്നു ദീർഘകാലം. മാസങ്ങൾക്ക് മുമ്പ് മരടിലെ ഫ്ളാറ്റിലേക്ക് മാറി.

എം.ടി. വാസുദേവൻ നായർ രചനയും സംവിധാനവും നിർവഹിച്ച 'ഒരു ചെറുപുഞ്ചിരി' നിർമ്മിച്ചത് ജോൺ പോളാണ്. 2011ലെ മികച്ച ചിത്രത്തിനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ സിനിമ നേടി. മാക്‌ടയും ഫിലിം ചേംബറും തമ്മിലുള്ള തർക്കങ്ങളിൽ സിനിമ റിലീസ് ചെയ്യാൻ വിലക്കുണ്ടായി. എട്ടു ലക്ഷം രൂപയാണ് ജോൺ പോളിന് നഷ്ടമായത്.

പ്രതിഫലം എണ്ണിവാങ്ങാൻ വിമുഖനായിരുന്നു. രോഗം മൂർച്ഛിച്ചതോടെ ആശുപത്രിച്ചെലവ് താങ്ങാനായില്ല. മാക്ടയും മറ്റു സംഘടനകളുമാണ് രണ്ടു മാസത്തെ ചികിത്സയുടെ ചെലവ് വഹിച്ചത്. മാർച്ചിൽ ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ പ്രൊഫ.എം.കെ. സാനുവിന്റെ നേതൃത്വത്തിൽ സാംസ്കാരികപ്രവർത്തകർ സമാഹരിച്ച തുകയും തുണയായി.