
കൊച്ചി: വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മനുഷ്യവത്കരണമാകണമെന്ന് പ്രൊഫ.എം.കെ.സാനു പറഞ്ഞു.
തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ളിക് സ്കൂളിലെ പ്രിൻസിപ്പൽ അവന്യൂ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യവാസനകളുമായാണ് കുഞ്ഞുങ്ങൾ പിറക്കുന്നത്. അവരെ അതിൽ നിന്നെല്ലാം മോചിപ്പിച്ച് നല്ല മനുഷ്യരാക്കി വളർത്തുകയാണ് വിദ്യാഭ്യാസത്തിലൂടെ ചെയ്യേണ്ടത്. ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിലുള്ള വിദ്യാലയത്തിന് ആ ദൗത്യമാണ് ഏറ്റെടുക്കാനുള്ളത്. മനുഷ്യന്റെ മൗലികമായ ലക്ഷ്യം മനുഷ്യത്വമാകണമെന്നാണ് ഗുരുദേവൻ പറഞ്ഞത്. കാരുണ്യമുള്ളവനാകണം. സമൂഹത്തിൽ താല്പര്യമുള്ളവനാകണം മനുഷ്യൻ. ധ്യാനത്തിലിരിക്കുന്ന കുറച്ചു സമയം ഒഴികെ പൂർണമായും പൊതുജീവിതം നയിച്ച, സാമൂഹ്യ ജീവിതം നയിച്ചയാളാണ് ഗുരുദേവൻ. എന്നിട്ടും ഒരാൾക്ക് പോലും ഒരു കറുത്തവാക്ക് ഗുരുവിനോട് പറയേണ്ടി വന്നില്ല. 50 വർഷം സമൂഹത്തിൽ നിറഞ്ഞു നിന്ന് ജീവിച്ചു. പല അനാചാരങ്ങൾക്കുമെതിരെ പ്രകോപനപരമായ പല പ്രവർത്തനങ്ങളിലും ഏർപ്പെട്ടിട്ടും ഒരു മോശം വാക്കും പറഞ്ഞിട്ടില്ല. ശ്രീനാരായണ വിദ്യാപീഠം ഗുരുവിന്റെ സന്ദേശങ്ങളുടെ നീർമറി പ്രദേശമായി വളരണം. ആ സന്ദേശം ഉൾക്കൊണ്ട് അദ്ധ്യാപകരും പ്രവർത്തിക്കണമെന്ന് പ്രൊഫ.എം.കെ.സാനു പറഞ്ഞു. യോഗത്തിൽ ശ്രീനാരായണ വിദ്യാപീഠം പ്രസിഡന്റ് കെ.എം.രാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ രാഖി പ്രിൻസ്, ഡയറക്ടർമാരായ വി.കെ.കൃഷ്ണൻ, വി.കെ.പ്രഭാകരൻ, ഗോപീദാസ്, മാനേജർ എം.എൻ. ദിവാകരൻ, പി.ടി.എ പ്രസിഡന്റ് സനിൽ കുഞ്ഞച്ചൻ, വൈസ് പ്രസിഡന്റ് ആർ.കെ.ഗോപി, ട്രഷറർ കെ.എൻ.അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു.