
തൃക്കാക്കര: കാളച്ചാൽ തോട്ടിലേക്ക് ഒഴുക്കുന്നത് രാസമാലിന്യമാണെന്ന് ലാബ് പരിശോധന ഫലം. അമോണിയ, ഇക്കോളി, കോളിഫോം തുടങ്ങിയ ബാക്ടീരിയകളുടെ അളവ് വെള്ളത്തിൽ കൂടുതലാണെന്ന് തലയോലപ്പടം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എം.ജെ. ജെയിംസിന് ലഭിച്ച പരിശോധനാഫലത്തിലുണ്ട്.
കഴിഞ്ഞ എട്ടിനാണ് കാളച്ചാൽ തോട്ടിൽ തുതിയൂർ ബണ്ടിന് സമീപം രൂക്ഷമായ ദുർഗന്ധത്തോടെ വെള്ളം പതഞ്ഞു പൊങ്ങി, പായലുകൾ കരിഞ്ഞനിലയിൽ കാണപ്പെട്ടത്. പ്രത്യേക സാമ്പത്തിക മേഖലയിൽ (സെസ്) നിന്ന് രാസമാലിന്യം ഒഴുക്കിയതായി പ്രദേശവാസികൾ ആരോപിച്ചിരുന്നു.
പ്രദേശത്ത് വൃക്ക-കാൻസർ രോഗികളുടെ എണ്ണം കൂടുകയാണെന്ന് എം.ജെ. ജെയിംസ് പറഞ്ഞു. രാസമാലിന്യം ഒഴുക്കുന്ന കമ്പനികൾക്കെതിരെ നിയമ നടപടിയെടുക്കും. നഗരസഭാ സെക്രട്ടറിക്കടക്കം പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.