ജീൻലൂക്ക് ഫ്രാൻസ് പഞ്ചതന്ത്രം കഥ നാടകരൂപത്തിൽ അവതരിപ്പിക്കുന്നു.
മൂവാറ്റുപുഴ: പഞ്ചതന്ത്രം കഥ നാടകരൂപത്തിൽ അവതരിപ്പിച്ച് ഫ്രഞ്ച് സ്വദേശി ജീൻലൂക്ക് ശ്രദ്ധനേടി. ജീൻലൂക്കിന് ഇന്ത്യൻ പുരാണകഥകൾ പരിചയപ്പെടുത്തിയത് പോണ്ടിച്ചേരിയിൽനിന്ന് ഫ്രാൻസിലെത്തിയ സോഷ്യോളജി പ്രൊഫസറാണ്. പഞ്ചതന്ത്രവും മഹാഭാരതത്തിലെ ഉപകഥകളും അന്നുമുതൽ കൂടുതലായി വായിച്ചുതുടങ്ങിയ ജീൻലൂക്കിന് തുറന്നുകിട്ടിയത് അറിവിന്റെ മായാലോകം. എഴുപതുകാരനായ ജീൻ ജീവിതത്തിന്റെ പകുതിയോളം അദ്ധ്യാപകനായും ഇലക്ട്രീഷ്യനായും ജോലിചെയ്തിരുന്നു. പുരാണകഥകളെ അടുത്തറിഞ്ഞതോടെ അവയുടെ ദൃശ്യഭാഷ ഒരുക്കുന്നതാണ് തന്റെ ജീവിതലക്ഷ്യമെന്ന് തിരിച്ചറിഞ്ഞുവെന്നും അത് തന്റെ രണ്ടാം ജന്മമായെന്നും ജീൻ ലൂക്ക് പറയുന്നു. നാടോടി നാടകങ്ങളുമായി ഫ്രാൻസിലെ വിവിധ പ്രദേശങ്ങൾ, റഷ്യ, പോളണ്ട്, മൊറോക്കോ, അൾജീരിയ തുടങ്ങി പന്ത്രണ്ടിലേറെ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്.
മൂവാറ്റുപുഴ സംവർത്തിക ആശുപത്രിയിൽ ആയുർവേദ ചികിത്സയ്ക്കായി എത്തിയതാണ് ജീൻ ലൂക്ക്. സംവർത്തികയുടെ നടുമുറ്റത്ത് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുമ്പിൽ ഒരു മണിക്കൂർ നീണ്ട അവതരണത്തിൽ കുരുടനും ആനയും, സിംഹവും ആട്ടിൻകുട്ടിയും, നാരായണന്റെ കഥ, ഇന്ത്യൻ പക്ഷി, ഭിക്ഷക്കാരനും രാജാവും തുടങ്ങി പത്തോളം ലഘുനാടകങ്ങൾ അവതരിപ്പിച്ചു. ഓരോ ലഘു അവതരണങ്ങളുടെയും ഇടവേളകളിൽ സംഗീതാത്മകമായി അവതരിപ്പിച്ച ഫ്രഞ്ച് നാടോടിസംഗീതവും വ്യത്യസ്താനുഭവമായി. ഫ്രാൻസിലെ സിറ്റി ഒഫ് ലാവലിൽ ഒരു തിയേറ്റർ സ്വന്തമായുള്ള ജീൻ ലൂക്കിന് ഇന്ത്യൻ പുരാണങ്ങളെപ്പറ്റി പറയുമ്പോൾ ആയിരം നാവാണ്. അമേച്വർ നാടകകൃത്തും സംവിധായകനുമായ മൂവാറ്റപുഴ കൊന്നയ്ക്കൽ ശിവദാസൻ നമ്പൂതിരി ജീൻ ലൂക്കിനെ പൊന്നാടഅണിയിച്ച് ആദരിച്ചു.