പെരുമ്പാവൂർ: നിർദ്ദിഷ്ട കാലടി സമാന്തരപ്പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ അവസാനഘട്ടത്തിൽ എത്തിയതായി എൽദോസ് കുന്നപ്പിള്ളിൽ എം എൽ എ അറിയിച്ചു. പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയിൽ എം.സി റോഡിൽ പെരിയാറിന് കുറുകെയാണ് നിലവിൽ പാലം സ്ഥിതിചെയ്യുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കാലടിക്ക് വളരെ അടുത്താണ്. ഈ പട്ടണത്തിൽ പ്രശസ്തമായ സംസ്‌കൃത സർവ്വകലാശാലയും സ്ഥിതിചെയ്യുന്നു. പ്രസിദ്ധ കൃസ്തീയ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളി കാലടിക്ക് ഏകദേശം എട്ടുകിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്. പുതിയപാലം വരുന്നതോടെ കാലടിയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഏറെ സഹായകരമാകും.

പെരുമ്പാവൂർ മണ്ഡലത്തിലെ ചേലാമറ്റം വില്ലേജ് പരിധിയിൽ 25 സെന്റ് സ്ഥലമാണ് നിർദ്ദിഷ്ട പാലത്തിനായി ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റെടുക്കാൻ വേണ്ട നിയമ നടപടിക്രമങ്ങൾ പൂർത്തിയായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു. കാലടി സമാന്തര പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായ നോട്ടിഫിക്കേഷൻ ഉടനെ പുറത്തിറങ്ങും. കൂടാതെ സാമൂഹ്യാഘാതപഠനം നടത്തുന്നതിനായി രാജഗിരി കോളേജ് അധികൃതരെ ചുമതലപ്പെടുത്തിയതായും എം.എൽ.എ അറിയിച്ചു.

സ്ഥലം ഏറ്റെടുക്കൽ നടപടികൾ കഴിഞ്ഞതോടെ ടെൻഡർ പൂർത്തീകരിച്ച് നിർമ്മാണം ഉടനെ ആരംഭിക്കാനാകുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു.