dileep

കൊച്ചി: നടൻ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരീഭർത്താവ് സുരാജിനെയും അന്വേഷകസംഘം ചൊവ്വാഴ്‌ച ചോദ്യം ചെയ്യും.

ഡിവൈ.എസ്‌.പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ രാവിലെ 11ന്‌ ആലുവ പൊലീസ് ക്ലബ്ബിലാണ്‌ ചോദ്യം ചെയ്യൽ.

ഓഡിയോ ക്ളിപ്പുകൾ കൈമാറിയ സംവിധായകൻ ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തുമെന്നാണ് സൂചന.

നടിയെ ആക്രമിച്ച കേസിൽ ആദ്യമായാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ഇരുവരെയും മുമ്പ്‌ ചോദ്യം ചെയ്തിരുന്നു.

ദിലീപിന്റെ സ്ഥാപനങ്ങളിൽ എവിടെ നിന്നെങ്കിലും പൾസർ സുനിക്ക്‌ പണം വാങ്ങാമായിരുന്നു എന്ന്‌ സന്ദേശത്തിൽ സുരാജ്‌ പറയുന്നുണ്ട്. ഇപ്പോ സുനി ജയിലിലായില്ലേ, ആയിരം രൂപയ്‌ക്ക്‌ വാച്ച്‌ പണയം വച്ചവനാണ്‌ സുനി എന്നൊക്കെ സുരാജ്‌ സൂചിപ്പിക്കുന്നുണ്ട്‌. ഇത്‌ സുനിയെ സുരാജിനും ദിലീപിനും അടുത്തറിയാമായിരുന്നു എന്നതിന്റെ തെളിവാണെന്നാണ് പൊലീസ്‌ നിഗമനം. ദിലീപ്‌ നായകനായ ‘ജോർജേട്ടൻസ്‌ പൂര’ത്തിന്റെ നിർമ്മാണത്തിൽ സുരാജ് പങ്കാളിയായിരുന്നു. ഈ ചിത്രത്തിന്റെ സെറ്റിൽ പൾസർ സുനി എത്തിയിരുന്നു. ബാലചന്ദ്രകുമാർ സംവിധാനം ചെയ്യാനിരുന്ന സിനിമയുടെ നിർമാണത്തിനും സുരാജ് സഹകരിച്ചു.
അനൂപിന്റെ പ്രിയാഞ്‌ജലി പ്രൊഡക്‌ഷൻസിന്റെ ‘സൗണ്ട്‌ തോമ’യിൽ പൾസർ സുനി അഭിനയിച്ചിട്ടുണ്ട്. സുനിക്ക്‌ ജൂനിയർ ആർട്ടിസ്‌റ്റ്‌ എന്ന നിലയിൽ പ്രതിഫലം നൽകിയതിന്റെ വൗച്ചറും പൊലീസിന്‌ കിട്ടി. സാഗർ എന്ന മുഖ്യസാക്ഷിയുടെ മൊഴിമാറ്റാനുള്ള ശ്രമങ്ങളെക്കുറിച്ച് അനൂപ്‌ പറയുന്നതും ഓഡിയോയിലുണ്ട്. കാവ്യാ മാധവന്റെ ‘ലക്ഷ്യ’ ഷോപ്പിലെ ജീവനക്കാരനായിരുന്നു സാഗർ. കോടതിയിൽ പിന്നീട് ഇയാൾ മൊഴി മാറ്റുകയും ചെയ്തു.