മരട്: കേബിൾക്കുരുക്ക് അഴിക്കാൻ മരട് നഗരസഭ കാലാവധി നീട്ടി. നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ അപകടകരമായ രീതിയിൽ താഴ്ന്നു കിടക്കുന്ന സ്വകാര്യ കേബിളുകൾ ഉയർത്തിക്കെട്ടുവാനും ഉപയോഗശൂന്യമായ കേബിളുകൾ മാറ്റുവാനും ഫെബ്രുവരി മാസം മരട് നഗരസഭയിൽ ഇന്റർനെറ്റ് സേവന ദാതാക്കൾ, കേബിൾ ഓപ്പറേറ്റേഴ്സ്, കെ.എസ്.ഇ.ബി എന്നിവരെ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമെടുത്തിരുന്നു. 12 അടി താഴേയ്ക്ക് കിടക്കുന്ന കേബിളുകൾ ഉയർത്തിക്കെട്ടി ഉപയോഗശൂന്യമായ കേബിളുകൾ മുറിച്ചു മാറ്റുവാനുമായി യോഗത്തിൽ മൂന്നു മാസത്തെ കാലാവധി നൽകിയിരുന്നു. വിവിധ ഏജൻസികൾ പ്രവർത്തികൾ പൂർത്തിയാക്കി വരികയാണ്. നൽകിയിരുന്ന കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകണമെന്ന് കാണിച്ച് ഏഷ്യാനെറ്റ് കേബിൾ ഓപ്പറേറ്റേഴ്സ് കഴിഞ്ഞ ദിവസം നഗരസഭയിൽ കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ നിലവിലെ ജോലികൾ പൂർത്തിയാക്കാൻ ഒരു മാസം കൂടെ കാലാവധി നീട്ടി നൽകാൻ തീരുമാനിച്ചതായി നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു.