കളമശേരി: മക്കളെയും മരുമക്കളെയും കരാട്ടെയുടെ അഭ്യസിപ്പിച്ച് തന്റെ വഴിയിലൂടെ കൈപിടിച്ച് കൊണ്ടു പോവുകയാണ് ഫാക്ട് ജീവനക്കാരനായ വി.എ. നസീർ. മക്കൾ നേവിയിൽ ലെഫ്റ്റനന്റ് കമാണ്ടന്റായ അൻസാരിയും പൂനെയിൽ ബിസിനസ് ചെയ്യുന്ന അനീഫും കരാട്ടെയിൽ തേർഡ് ഡിഗ്രി ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. ഇവരുടെ ഭാര്യമാരായ കുസാറ്റിലെ അസിസ്റ്റന്റ് പ്രൊഫസർ ഹാഷ്മിയും ഡോക്ടർ ഋതുവാനയും കരാട്ടെ അഭ്യാസികളാണ്.
ആഗസ്റ്റ് മാസത്തിൽ ജപ്പാനിലെ ഒക്കിനോവയിൽ നടക്കുന്ന ലോക കരാട്ടെ ചാമ്പ്യൻഷിപ്പിൽ ബ്ളാക്ക്ബെൽറ്റ് സെവൻത്ത് ഡിഗ്രി ബെൽറ്റ് നേടിയിട്ടുള്ള നസീറിനൊപ്പം ശിഷ്യരായ ബിന്ദ്യ ബാഷിയും ക്രിസ്റ്റീന ഡാജിയും പങ്കെടുക്കും. ക്വുഡോക്കാൻ ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ നസീർ നേതൃത്വം നൽകുന്ന ഏലൂർ പാതാളം നാഷണൽ ഹെഡ് ക്വാർട്ടറിൽ ഇന്നലെ ബ്ലാക്ക് ബെൽറ്റിനർഹത നേടി. അഞ്ചു ജില്ലകളിൽ നിന്നുള്ള 64 പേർക്ക് വേൾഡ് പ്രസിഡന്റ് മിനോറു ഹൈഗയും ചീഫ് ഇൻസ്ട്രക്ടർ നസീറും ഒപ്പുവെച്ച സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത് മുൻ ഡിജിപി ജേക്കബ്ബ് തോമസാണ്. 41 വർഷമായ് കരാട്ടെ അഭ്യസിക്കുന്ന നസീർ പ്രശസ്ത കരാട്ടെ മാസ്റ്റർ കുപ്പുസ്വാമിയുടേയും ജപ്പാനിലെ 79 കാരനായ മിനോറു ഹൈഗയുടേയും ശിഷ്യനാണ്. 22 തവണ നാഷണൽചാമ്പ്യൻഷിപ്പിലും രണ്ടു തവണ തായ്‌ലൻഡ് മാർഷൽ ആർട്ടിലും പങ്കെടുത്തിട്ടുണ്ട്..