m
മഴ കനത്തതോടെ കുഴിയായി മാറിയ എ.എം റോഡിലെ ഓടക്കാലിയിൽ അശമന്നൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലെ സ്ഥിതി. ഇവിടെ വെച്ചാണ് വച്ചാണ് മൂന്നാഴ്ച മുമ്പ് എൽദോസ് കുന്നപ്പള്ളി എം.എൽ.എ നേതൃത്വത്തിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തത്.

കുറുപ്പംപടി: രണ്ടാഴ്ചയായി തുടരുന്ന ശക്തമായ മഴയിൽ എ.എം റോഡിൽ ഓടക്കാലി മുതൽ കുറുപ്പംപടി വരേയുള്ള ഭാഗങ്ങൾ വീണ്ടും കുണ്ടും കുഴിയുമായി. കഴിഞ്ഞ മഴക്കാലത്ത് തകർന്ന് തരിപ്പണമായ ഈ റോഡിൽ ഏഴുലക്ഷംരൂപ മുടക്കി കുഴികൾ അടച്ച ഭാഗങ്ങളിലാണ് വീണ്ടും കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. പെരുമ്പാവൂർമുതൽ കോതമംഗലംവരേയുള്ളഭാഗം ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി ബി.എംബി.സി നിലവാരത്തിൽ നിർമ്മിക്കുന്നതിന് കഴിഞ്ഞ ഒക്ടോബറിൽ 12.26 കോടിരൂപ കിഫ്ബിയിൽനിന്ന് അനുവദിച്ചിരുന്നു. ഇതിൽ ഇരിങ്ങോൾ റോട്ടറി ക്ലബ് മുതൽ ഓടക്കാലി വരെയുള്ള ഭാഗങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനിലൂടെ നിർവഹിച്ചിരുന്നു. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. മഴ ശക്തമാകുന്ന ജൂണിനുമുമ്പ് നിർമ്മാണം പൂർത്തീകരിച്ചില്ലെങ്കിൽ നിർമ്മാണം അനന്തമായി നീണ്ടുപോയേക്കാമെന്ന ആശങ്കയിലാണ് നാട്ടുകാർ. മൂന്നാറിലേക്ക് പോകുന്ന വിദേശികളും സ്വദേശികളുമായ നിരവധി ടൂറിസ്റ്റുകളും സാധാരണക്കാരായ മറ്റു യാത്രക്കാരും ഏറെ ഉപയോഗപ്പെടുത്തുന്ന സംസ്ഥാനപാതയായ ആലുവ - മൂന്നാർ റോഡിനോട് അധികൃതർ കാണിക്കുന്ന അലംഭാവത്തിനെതിരെ പ്രതിഷേധം രൂക്ഷമാണ്.

തകർന്ന് കിടക്കുന്ന ഓടക്കാലി മുതൽ കുറുപ്പംപടി വരേയുള്ള ഭാഗത്ത് മോട്ടോർവാഹനവകുപ്പ് മൂന്ന് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. റോഡ് ഗതാഗത യോഗ്യമാക്കാതെ കാമറസ്ഥാപിച്ച് ജനങ്ങളെ പിഴിയാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാണ്.

100ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പദ്ധതിയുടെ നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചിട്ടും കോൺട്രാക്ടർ പണി തുടങ്ങിയിട്ടില്ല. അതിനുശേഷം ബിറ്റുമിൻവില കൂടിയെന്ന പരാതിയുമായി വന്നിരുന്നു. അത് ഉടനെ പരിഹരിച്ച് കൊടുത്തിട്ടുണ്ട്. ഇതേ സമയത്തുതന്നെ ഏറ്റെടുത്തിട്ടുള്ള മണ്ഡലത്തിലെ മറ്റു റോഡുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

എൽദോസ് കുന്നപ്പിള്ളി എം.എൽ.എ