kudivellam
നഗരത്തിലെ കച്ചേരിത്താഴത്ത് കുടിവെള്ളവിതരണത്തിന്റെ മെയിൻ പൈപ്പ് പൊട്ടിയതിനെതുടർന്ന രൂപപ്പെട്ട ഗർത്തത്തിന് സമീപം പൊലീസ് അപകടമുന്നറിയിപ്പ് വച്ചിരിക്കുന്നു.

മൂവാറ്റുപുഴ: നഗരമദ്ധ്യത്തിലെ തിരക്കേറിയ കച്ചേരിത്താഴത്ത് പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം റോഡിൽ കുടിവെള്ളവിതരണത്തിന്റെ മെയിൻ പൈപ്പുപൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകുന്നു. ശനിയാഴ്ച രാത്രിയാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്. ഞായറാഴ്ചയും കുടിവെള്ളം റോഡിലൂടെ ഒഴുകുകയായിരുന്നു. പൈപ്പ് പൊട്ടിയസ്ഥലത്ത് പൊലീസ് അപകടമുന്നറിയിപ്പ് വച്ചിട്ടുണ്ട്. രാത്രി വൻശബ്ദത്തോടെയാണ് പൈപ്പ് പൊട്ടിയതെന്ന ദൃക്‌സാക്ഷികൾ പറയുന്നു. കുടിവെള്ളവിതരണം ഭാഗികമായി തടസപ്പെട്ടിട്ടുണ്ട്. ടാറിളകി റോഡിനും കേടുപാടുണ്ട്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് റോഡിലൂടെ പാഴാകുന്നത്. വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും ഒഴിവുദിവസമായതിനാൽ തുടർനടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.