പറവൂർ: പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങിയിട്ടുള്ള അബ്ദുൾ ജലീൽ മോർഗ്രിഗോറിയോസ് ബാവയുടെ 341-ാമത് ശ്രാദ്ധപ്പെരുന്നാളിന് ഫാ. ബെന്നി മാത്യു മനേകുടിയുടെ കാർമ്മികത്വത്തിൽ കൊടിയേറി. വിശ്വാസികൾ വഴിപാടിയി സമർപ്പിച്ച 139 കൊടികളിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് ഉയർത്തിയ കൊടി തിരഞ്ഞെടുത്തത്. ഇന്ന് രാവിലെ എട്ടിന് വി. കുർബാന, വൈകിട്ട് ഏഴിന് സൺഡേസ്കൂൾ, ഭക്തസംഘടന എന്നിവയുടെ സംയുക്തവാർഷികം. നാളെ രാവിലെ എട്ടിന് വി. അഞ്ചിന്മേൽകുർബാന, ഉച്ചയ്ക്ക് രണ്ടിന് ബാവ ഉപയോഗിച്ചിരുന്ന കാസാക്കൂട്ടവും കാപ്പക്കൂട്ടവും കഴുത്തിലണിഞ്ഞിരുന്ന സ്ളീബ അടക്കംചെയ്ത അരുളിയ്ക്കായും പള്ളിസാമാനങ്ങളും മേമ്പൂട്ടിൽ നിന്ന് പള്ളിയകത്തേയ്ക്ക് എടുത്തുവയ്ക്കും. വൈകിട്ട് അഞ്ചരയ്ക്ക് മലങ്കരയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കാൽനടതീർത്ഥാടകർക്ക് സ്വീകരണം. തുടർന്ന് സന്ധ്യാപ്രാർത്ഥനയും പ്രദക്ഷിണവും. 27ന് രാവിലെ ആറരക്ക് വി. കബറിങ്കലും ഒമ്പതിന് വി. മൂന്നിന്മേൽ കുർബാനയും നടക്കും. പതിനൊന്നരയ്ക്ക് പ്രദക്ഷിണവും ഉച്ചയ്ക്ക് പന്ത്രണ്ടിന് നേർച്ചസദ്യയും നടക്കും.