കൊച്ചി: മലബാറിനെ കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ മുഖ്യ ആകർഷണമാക്കുമെന്ന് സംസ്ഥാന ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണതേജ പറഞ്ഞു. കേരള ട്രാവൽ മാർട്ടിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഐലൻഡിലെ സാഗര, സാമുദ്രിക വേദികൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാറിലെ ടൂറിസം കേന്ദ്രങ്ങളുടെ പൂർണമായ ശേഷി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. കെ.ടി.എമ്മിൽ കാരവാൻ, മലബാർ, ചാമ്പ്യൻസ് ബോട്ട് ലീഗ്, ഉത്തരവാദിത്ത ടൂറിസം എന്നിവയ്ക്ക് മുഖ്യപരിഗണന നൽകും.

കെ.ടി.എമ്മിന് ജില്ലാ ഭരണകൂടം എല്ലാ സഹായവും നൽകുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുൾപ്പെടെ എല്ലാ സഹകരണങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ടൂറിസത്തിനൊപ്പം മറ്റ് മേഖലകൾക്ക് കൂടി ഉന്മേഷം പകരുന്നതാകും മാർട്ടെന്ന് കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു പറഞ്ഞു.
മേയ് അഞ്ചിന് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് ഉദ്ഘാടന ചടങ്ങ്. വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററിൽ ആറ്, ഏഴ് തിയതികളിൽ വാണിജ്യ കൂടിക്കാഴ്ചകളും പ്രദർശനവും ഒരുക്കിയിട്ടുണ്ട്.