കൊച്ചി: നിരക്ക് വർദ്ധന പ്രാബല്യത്തിൽ വരും മുമ്പേ തോന്നിയപടി ചാർജ് ഈടാക്കി ഓട്ടോറിക്ഷകൾ. കിലോ മീറ്ററിന് 30 രൂപയാണ് പുതിയ മിനിമം ചാർജ് എങ്കിലും 40 രൂപയിൽ കുറഞ്ഞ് പലരും വാങ്ങുന്നില്ല. ഒരുവിഭാഗം ആളുകളുടെ ഈ പ്രവൃത്തി മുഴുവൻ ഓട്ടോ തൊഴിലാളികളെയും പഴി കേൾപ്പിക്കുകയാണ്. ഒരു സ്ഥലത്തേക്ക് ഒരേ ദൂരത്തിന് പല നിരക്കാണ് ഇപ്പോൾ എറണാകുളം നഗരത്തിൽ. എം.ജി റോഡിൽ നിന്ന് ഗാന്ധിനഗർ വരെയുള്ള യാത്രയ്ക്ക് പല വിധത്തിലാണ് ഇന്നലെ ചാർജ് ഈടാക്കിയത്. ആദ്യത്തെയാൾ 50 രൂപയും മടക്കയാത്രയ്ക്ക് 60 രൂപയുമായി. കോൺവന്റ് റോഡ് മുതൽ മറൈൻ ഡ്രൈവ് വരെയുള്ള യാത്രയ്ക്ക് ഈടാക്കിയതും 50 രൂപ. തിരിച്ച് മറ്റൊരു ഓട്ടോക്കാരൻ വാങ്ങിയത് 40 രൂപ. ഒരു കിലോമീറ്ററിന് ശേഷം ഓരോ നൂറ് മീറ്ററിനും 1.50 രൂപയാണ് നിലവിലെ നിരക്ക്. ഇതൊന്നും ആരും പാലിക്കുന്നില്ല.
എറണാകുളത്തെ ഓട്ടോക്കാർക്ക് മീറ്ററിട്ട് ഓടുന്ന ശീലം പണ്ടുതൊട്ടേ ഇല്ല. ഇന്ധന വിലവർദ്ധ മൂലം നിരക്ക് കൂട്ടിവാങ്ങാതെ മറ്റ് മാർഗം ഇല്ലെന്നാണ് ഡ്രൈവർമാരുടെ പക്ഷം. ഓട്ടോക്കാരുടെ ഈ നടപടിയിൽ വലിയ പ്രതിഷേധമുയരുന്നുണ്ട്. തർക്കവും പരാതികളും പതിവാകുന്നു.
വിവിധ ട്രേഡ് യൂണിയനുകളെ പൊലീസുകാരടക്കം വിളിച്ച് പരാതി പറയുന്നുമുണ്ട്.
താങ്ങായി യൂബർ
നഗരത്തിലെ യാത്രികൾക്ക് യൂബർ ഓട്ടോകളാണ് ഇപ്പോൾ കൃത്യനിരക്കിന് ആശ്രയം. ഓഫ്‌ലൈൻ ഓട്ടോകളേക്കാളും 20 - 30 രൂപവരെയാണ് യാത്രക്കാരന് ലാഭം. കൂടുതൽ ആളുകളും ഇപ്പോൾ യൂബർ ഓട്ടോകളെയാണ് ആശ്രയിച്ചു തുടങ്ങി.
പരാതികളുണ്ട്
പലരും നിരക്ക് കൂടുതൽ വാങ്ങുന്നതായി പരാതികൾ വരുന്നുണ്ട്. കുറച്ചു പേർ കൂടിയ തുക ഈടാക്കുന്നുണ്ട്. ഇന്ധനവില വർദ്ധനവാണ് ഇതിന് കാരണം. അതുകൊണ്ട് മറുത്ത് പറയാനും സാധിക്കില്ല. എങ്കിലും ന്യായമായ തുക മാത്രമേ ഈടാക്കാവൂ എന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.
വി.എസ്. സുനിൽകുമാർ
എറണാകുളം മണ്ഡലം സെക്രട്ടറി
ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (എ.ഐ.ടി.യുസി)