കൊച്ചി: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭവനം ഫൗണ്ടേഷൻ കേരള(ബി.എഫ്.കെ)യുടെ നേതൃത്വത്തിൽ കേരളത്തിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കായി അപ്നാ ഘർ പദ്ധതി പ്രകാരം ഹോസ്റ്റൽ നിർമ്മിക്കുന്നു. 534 കിടക്കകളോടുകൂടിയ ഹോസ്റ്റൽ കളമശേരി കിൻഫ്ര ഹൈടെക് പാർക്കിനുള്ളിലാണ് നിർമ്മിക്കുന്നത്. സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഇന്ന് വൈകിട്ട് 5.30ന് കിൻഫ്ര ഹൈടെക് പാർക്കിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് എന്നിവർ മുഖ്യാതിഥികളാകും.