കൊച്ചി: കൊച്ചിയെ വിറപ്പിച്ച് ഈ മാസം നടന്ന അഞ്ച് വമ്പൻ കവർച്ചകൾക്കു പിന്നിലെ അജ്ഞാത സംഘം പൊലീസിന്റെ വലയിലായി. പ്രതികളുടെ പേരു വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഡൽഹി സ്വദേശികളാണെന്ന് അറിയുന്നു. എറണാകുളം നോർത്തിലെ താമസസ്ഥലത്തു നിന്ന് പിടിയിലായ മൂന്നംഗ സംഘത്തെ സിറ്റി പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
കടവന്ത്രയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ രണ്ടും, പാലാരിവട്ടം എളമക്കര എന്നിവിടങ്ങളിൽ ഓരോ കവർച്ചയുമാണ് ഈ മാസം റിപ്പോർട്ട് ചെയ്തത്. ഇതിൽ എറണാകുളം സരിത തിയേറ്ററിന് സമീപത്തെ വ്യവസായിയുടെ വീട്ടിൽ നിന്ന് 90 ലക്ഷം രൂപയുടെ സ്വർണ വജ്രാഭരണങ്ങളുമാണ് മോഷണം പോയത്.
തുടരത്തുടരെ കവർച്ച റിപ്പോർട്ട് ചെയ്തതോടെ കൊച്ചി സിറ്രി പൊലീസിന് തലവേദനയായ അജ്ഞാത സംഘത്തെ പിടികൂടാൻ സ്പെഷ്യൽ ടീമിനെ നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കടവന്ത്രയിലെ കവർച്ച. ഏപ്രിൽ 22ന് ജവഹർ നഗറിലെ പള്ളിവാതുക്കൽ ഹൗസ് നമ്പർ 33ൽ കുര്യന്റെ വീട്ടിൽ നിന്ന് എട്ട് ലക്ഷം രൂപയുടെ സ്വർണാഭരണമാണ് മോഷണം പോയത്. രാവിലെ 11നും മൂന്ന് മണിക്കും ഇടയിലായിരുന്നു മോഷണം. രാവിലെ വീട്ടുകാർ പുറത്തുപോയി ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്.
വീടിന്റെ മുൻഭാഗം കുത്തിത്തുറന്ന് ഉള്ളിൽ കയറിയ സംഘം അലമാര പൊളിച്ചാണ് മോഷണം നടത്തി സ്ഥലം വിട്ടത്. സി. സി.ടിവി പരിശോധിച്ചെങ്കിലും തുമ്പ് കിട്ടിയില്ല.
എളമക്കരയിൽ കീർത്തി നഗറിൽ മൂന്ന് പവന്റെ കരിമണിമാലയും 8500 രൂപയുമാണ് മോഷണം പോയത്. പാലാരിവട്ടത്തും സമാനമായിരുന്നു കവർച്ച. ഏപ്രിൽ ഒന്നിനായിരുന്നു സരിത തിയേറ്ററിന് സമീപത്തെ വ്യവസായിയുടെ വീട്ടിലെ കവർച്ച. വിഷുദിനത്തിലായിരുന്നു നഗരത്തിൽ 24മണിക്കൂറും ആളനക്കമുള്ള സ്വകാര്യ ആശുപത്രിക്ക് സമീപത്ത് താമസിക്കുന്ന അമേരിക്കൻ മലയാളിയുടെ ഇരുനില വീട്ടിൽ നിന്ന് 20 പവൻ സ്വർണാഭരണവും 3.2 ലക്ഷം രൂപയും യു.എസ് ഡോളറും കവർച്ചചെയ്യപ്പെട്ടത്.