മരട്: കേരള സംസ്ഥാന ലഹരി വർജ്ജന മിഷന്റെ വിമുക്തി കാമ്പയിന്റെ ഭാഗമായി 'ജീവിതം തന്നെ ലഹരി' എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മരട് നഗരസഭയിലെ 33 കൗൺസിലേഴ്സിന്റെയും നിർദ്ദേശങ്ങൾ സ്വീകരിച്ചു. ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് പ്രചാരം നൽകുക, പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുക, ലഹരി പദാർത്ഥങ്ങളുടെ ലഭ്യതയും വിപണനവും ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളുമായി പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പരിപാടിയെക്കുറിച്ച് എറണാകുളം എക്സൈസ് സി.ഐ അൻവർ സാദത് വിശദീകരിച്ചു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, മിനി ഷാജി, ചന്ദ്രകലാധരൻ, അജിത നന്ദകുമാർ, മുനിസിപ്പൽ സെക്രട്ടറി ഇൻ ചാർജ് എം.കെ. ബിജു എന്നിവർ സംസാരിച്ചു.