rubber

ജില്ലയിൽ റബർ കൃഷിക്ക് പ്രിയമേറുന്നു

കൊച്ചി: കൃഷിയിൽ എറണാകുളത്തിന് ഏറെ പ്രിയം റബർ. ആകെ കൃഷിയിൽ 40 ശതമാനവും റബറാണ്. നാളികേരമാണ് രണ്ടാമത്. 17 കോടി നാളികേരം കഴിഞ്ഞവർഷം ഉത്പാദിപ്പിച്ചു. വിവിധയിനങ്ങളിൽ 3,22,034 ടണ്ണിലധികം വിളവാണ് കഴിഞ്ഞ സാമ്പത്തികവർഷം ജില്ലയിലെ കർഷകർ നേടിയത്.

കഴിഞ്ഞവർഷം 1,48,801 ഹെക്ടറിലായിരുന്നു കൃഷി. ഇതിൽ തരിശ് കൃഷിയിലൂടെ 256 ഹെക്ടർ വീണ്ടെടുത്തു. 7,000 ഹെക്ടറിൽ ജൈവകൃഷി വ്യാപിപ്പിച്ചു.

60,170 ഹെക്ടറിൽ റബർ കൃഷിയുണ്ട്. 60,050 ടൺ റബർ ഉത്പാദിപ്പിച്ചു. 39,275 ഹെക്ടറിലാണ് നാളികേര കൃഷി. വ്യാവസായിക അടിസ്ഥാനത്തിലെ തെങ്ങ് കൃഷി മാത്രമാണിത്. കാര്യമായ പണികളില്ലാതെ ദീർഘകാലം വിളവ് ലഭിക്കുമെന്നതാണ് റബർ, തെങ്ങ് തുടങ്ങിയ നാണ്യവിളകളിലേക്ക് കർഷകരെ നയിച്ചതെന്ന് കൃഷി വകുപ്പ് അധികൃതർ പറഞ്ഞു.

5,224 ഹെക്ടറിലാണ് നെൽകൃഷി. ഇതിൽ 185 ഹെക്ടർ തരിശ് ഭൂമിയിലാണ്. 14,627.2 ടൺ നെല്ലാണ് വിളവെടുത്തത്. കിഴങ്ങുവർഗങ്ങളിൽ നിന്ന് 1,09,900 ടൺ വിളവ് ലഭിച്ചു. 5,495 ഹെക്ടറിൽ മരച്ചീനി ഉൾപ്പടെ കിഴങ്ങുകൾ കൃഷി ചെയ്തു. 35 ഹെക്ടറിലെ പയർ വർഗങ്ങളുടെ കൃഷിയിൽ നിന്ന് 10.28 ടൺ വിളവും ലഭിച്ചു.

മറ്റു കൃഷികൾ

 വാഴക്കൃഷി 9,632 ഹെക്ടർ. വിളവ് 77,056 ടൺ

 പൈനാപ്പിൾ 5,375 ഹെക്ടർ. വിളവ് 5,8571 ടൺ

 കമുക് 4107 ഹെക്ടർ. വിളവ് 3033 ടൺ

 ജാതി 6671 ഹെക്ടർ. വിളവ് 5362 ടൺ

 കൊക്കോ 1073 ഹെക്ടർ. വിളവ് 782 ടൺ

പച്ചക്കറിയിൽ നേട്ടം
 പച്ചക്കറി ഉത്പാദനം: 3,478 ടൺ.

 പഴവർഗങ്ങൾ : 23290 ടൺ

 ഫലവർഗങ്ങൾ : 23290 ടൺ

 കുരുമുളക്, ഇഞ്ചി, മഞ്ഞൾ : 1227 ടൺ

തരിശുഭൂമി കൃഷിയിടമാക്കി

ജില്ലയിൽ 256 ഹെക്ടറിൽ തരിശ് കൃഷി നടത്തി. 185 ഹെക്ടറിൽ നെൽകൃഷി നടത്തി. അതിൽ 51 ഹെക്ടറിൽ പച്ചക്കറിയും 11 ഹെക്ടറിൽ മരച്ചീനിയും ഏഴ് ഹെക്ടറിൽ വാഴയും രണ്ട് ഹെക്ടർ ചെറുധാന്യങ്ങളും കൃഷി ചെയ്തു. തരിശുഭൂമിയിൽ കൃഷിയിറക്കിയ കർഷകർക്ക് ഇൻസെന്റീവായി 1,00,75,000 രൂപ നൽകി.

ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം 7,000 ഹെക്ടറിൽ ജൈവകൃഷി നടപ്പാക്കി. സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിലെ തരിശുസ്ഥലങ്ങളിൽ ജൈവകൃഷി വ്യാപിപ്പിച്ചു.