water

കൊച്ചി: ജില്ലയിൽ കഴിഞ്ഞ സാമ്പത്തികവർഷം ജലജീവൻ പദ്ധതിപ്രകാരം 41,​377 കുടിവെള്ള കണക്ഷനുകൾ നൽകി ജല അതോറിട്ടി. ഇത് റെക്കാഡാണ്. 71.85 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ആലുവ ഡിവിഷന്റെ കീഴിൽ 36.5 കോടി രൂപ ചെലവിൽ 21,628 കണക്ഷനുകൾ നൽകി. മൂവാറ്റുപുഴ ഡിവിഷനിൽ കണക്ഷനുകൾ 11,707; ചെലവ് 23.09 കോടി രൂപ.

കൊച്ചി ഡിവിഷനിൽ 1.38 കോടി രൂപ ചെലവോടെ 1,148 പുതിയ കണക്ഷനുകളും നൽകി. 6,894 കണക്ഷനുകളാണ് എറണാകുളം വാട്ടർ സപ്ലൈ ഡിവിഷനിൽ നൽകിയത്; ചെലവ് 10.88 കോടി രൂപ.

കേന്ദ്രസർക്കാർ 45,​ സംസ്ഥാനം 30,​ ഗ്രാമപഞ്ചായത്ത് 15,​ ഗുണഭോക്താവ് 10 എന്നിങ്ങനെ ശതമാനം വിഹിതം നൽകിയാണ് കേരളത്തിലെ 50 ലക്ഷം ഗ്രാമീണ കുടുംബങ്ങൾക്കും കുടിവെള്ളം പൈപ്പുവഴി ലഭ്യമാക്കുന്ന ജലജീവൻ മിഷൻ നടപ്പാക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ കണക്ഷനുകൾ നൽകുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.