കൊച്ചി: യുവതികളെ വിവാഹത്തിന് അണിയിച്ചൊരുക്കുന്നതിനിടെ ലൈംഗികമായി ചൂഷണംചെയ്‌തെന്ന നാല് കേസുകളിൽ മേക്കപ്പുമാൻ കാക്കനാട് പടമുഗൾ സ്വദേശി അനീസ് അൻസാരിക്ക് ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചു. അനീസിനെതിരായ ആരോപണങ്ങൾ ഗൗരവതരമാണെങ്കിലും ഇയാളെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് മുൻകൂർ ജാമ്യം അനുവദിച്ചത്.

അനീസിനെ അറസ്റ്റുചെയ്താൽ ഓരോകേസിലും ഒരുലക്ഷംരൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവും വ്യവസ്ഥചെയ്ത് ജാമ്യംനൽകണം. ഏപ്രിൽ 27മുതൽ 30വരെ രാവിലെ ഒമ്പതിന് ചോദ്യംചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. പാസ്പോർട്ട് ഉണ്ടെങ്കിൽ അന്വേഷണഉദ്യോഗസ്ഥന് കൈമാറണം. പരാതിക്കാരെ ബന്ധപ്പെടാൻ ശ്രമിക്കരുത്. അന്വേഷണത്തിൽ ഇടപെടുകയോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത് എന്നിവയാണ് മറ്റ് ജാമ്യവ്യവസ്ഥകൾ.

വിവാഹമേക്കപ്പിനിടെ സ്ത്രീകളെ കടന്നുപിടിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് ഇയാൾക്കെതിരെ നിലവിലുള്ള കേസുകൾ. ആസ്ട്രേലിയയിൽ താമസിക്കുന്ന മലയാളി യുവതിയടക്കം നൽകിയ പരാതികളിലാണ് പൊലീസ് കേസെടുത്തത്. തന്നെ മേക്കപ്പ് തൊഴിൽ മേഖലയിൽനിന്ന് പുറത്താക്കാൻ കെട്ടിച്ചമച്ചതാണ് കേസെന്നായിരുന്നു അനീസിന്റെ വാദം. അടുത്തിടെ ഒരു ടാറ്റൂആർട്ടിസ്റ്റിനെതിരെ ഇതേ പരാതി ഉയർന്നിരുന്നു. ഈ സംഭവത്തിന് മാദ്ധ്യമശ്രദ്ധ ലഭിച്ചതിനെത്തുടർന്ന് ഒരുയുവതി തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചാരണം തുടങ്ങിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവർ പരാതിയുമായി രംഗത്തെത്തിയതെന്നും അനീസ് ആരോപിച്ചിരുന്നു.