
കൊച്ചി: പട്ടികജാതി - പട്ടികവർഗ വകുപ്പിന്റെ ചുമതലയിലുള്ള പാലക്കാട് മെഡിക്കൽ കോളേജിലെ മെഡിക്കൽ ഓഫീസർമാർക്ക് മെഡിക്കൽ പി.ജി കോഴ്‌സുകളിൽ ഇൻസർവീസ് ക്വോട്ടയിൽ പ്രവേശനത്തിന് അർഹതയില്ലെന്ന് ഹൈക്കോടതി. ഈയാവശ്യം ഉന്നയിച്ച് പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ നൽകിയ ഹർജികൾ തള്ളിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് വിധിപറഞ്ഞത്.
ഹെൽത്ത് സർവീസ്, മെഡിക്കൽ എഡ്യൂക്കേഷൻ, ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് വിഭാഗങ്ങളിലെ മെഡിക്കൽ ഓഫീസർമാർക്ക് മാത്രമാണ് 2008ലെ നിയമപ്രകാരം പി.ജി കോഴ്‌സുകളിലെ ഇൻസർവീസ് ക്വാട്ട പ്രവേശനത്തിന് അർഹത. പാലക്കാട് മെഡിക്കൽ കോളേജ് പട്ടികജാതി - പട്ടികവർഗവകുപ്പിന്റെ കീഴിൽ ഇൻസ്റ്റിറ്റ‌്യൂട്ട് ഒഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസ് എന്ന സൊസൈറ്റിയാണ് നടത്തുന്നത്. ഇൻസ്റ്റിറ്റ‌്യൂട്ട് ഒഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസ് സൊസൈറ്റി സർക്കാരിന്റെ പ്രവർത്തനങ്ങളുമായി ചേർന്നാണ് ആരോഗ്യസേവനം നടത്തുന്നതെങ്കിലും സംഘം സർക്കാരിന്റെ ഏജൻസിയാണെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.