കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിന്റെയും പതിനെട്ടാം വാർഡിന്റെയും അതിർത്തി പങ്കിടുന്ന കുരുപ്പപാറ - കീച്ചേരിപ്പടി റോഡിൽ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്ന അവസ്ഥയ്ക്ക് താത്കാലിക പരിഹാരമായി. പൊട്ടിയപൈപ്പ് മാറ്റി പി.വി.സി പൈപ്പ് സ്ഥാപിച്ചു. എന്നാൽ ഇത് ശാശ്വതപരിഹാരമല്ലെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ. ദിനംപ്രതി നിരവധി ആളുകൾ വന്നുപോകുന്ന കുരുപ്പപ്പാറ പാൽ സൊസൈറ്റിയുടെ മുൻവശത്താണ് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുലൈൻ പൊട്ടിക്കിടന്നിരുന്നത്.
രണ്ട് വാർഡുകളിലേയും മെമ്പർമാരും പ്രദേശവാസികളും നിരവധിതവണ പരാതിപ്പെട്ടിട്ടും പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ അധികൃതർ കൂട്ടാക്കിയിരുന്നില്ല. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ വഴിയിൽ കുണ്ടും കുഴിയും ചെളിയും നിറഞ്ഞുകിടക്കുകയാണ്. ഇതുവഴി നടന്നുപോകാൻ ആളുകൾ ഏറെ ബുദ്ധിമുട്ടുകയാണ്. വാഹനങ്ങൾ പോകുമ്പോൾ ചെളിവെള്ളം ആളുകളുടെ ദേഹത്തേക്ക് തെറിക്കുന്നത് പതിവാണ്. ശാശ്വതപരിഹാരത്തിന് സമരപരിപാടികളുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ. 35 വർഷത്തോളം പഴക്കമുള്ള പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം. അന്നത്തേതിനേക്കാൾ വെള്ളത്തിന്റെ ഉപയോഗം വളരെയധികം കൂടിയിട്ടുള്ളതിനാൽ ജലലഭ്യതയും ഇപ്പോൾ വളരെക്കുറവാണ്. ഈ പ്രശ്നവും അടിയന്തരമായി പരിഹരിക്കണം.
വാർഡുകളിൽ കുടിവെള്ളപൈപ്പ് ലൈനുകൾ പൊട്ടിക്കിടക്കുന്നത് മാറ്റി സ്ഥാപിക്കുവാൻ വാർഷിക പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്. കാലതാമസമില്ലാതെ ഇവ മാറ്റിസ്ഥാപിക്കും.
എൻ.പി. അജയകുമാർ, പ്രസിഡന്റ്,
രായമംഗലം ഗ്രാമപഞ്ചായത്ത്