ആലങ്ങാട്: മാഞ്ഞാലി ഖാദി നിർമ്മാണ യൂണിറ്റിന്റെ പുനരുജ്ജീവനത്തിന് പുതിയ പദ്ധതികളുമായി ഖാദി ബോർഡ്. കരുമാല്ലൂർ പഞ്ചായത്ത് നൽകിയ നിവേദനം പരിഗണിച്ച മന്ത്രി പി. രാജീവിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഖാദി ബോർഡ് സെക്രട്ടറി രതീഷ് സ്ഥലം സന്ദർശിച്ച് പദ്ധതിക്കുള്ള സാദ്ധ്യതകൾ തേടി.

1983 ൽ പ്രവർത്തനം തുടങ്ങിയ കാലത്ത് കരുമാലൂരിന്റെ പടിഞ്ഞാറൻ മേഖലയിൽ നിന്ന് കൈത്തറി- ഖാദി മേഖലയിൽ നിരവധി സ്ത്രീ തൊഴിലാളിൾ ഇവിടെ ജോലി ചെയ്തിരുന്നു. ഇപ്പോൾ ഇരുപതിൽ താഴെ തൊഴിലാളികൾ മാത്രമേയുള്ളൂ. ഒരേക്കറോളം വരുന്ന സ്ഥലം കാടുകയറി ഉപയോഗശൂന്യമായി കിടക്കുകയാണ്. സ്ഥലസൗകര്യം പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് കരുമാല്ലൂർ കുന്നുകര ആലങ്ങാട് മേഖലകളിൽ സുലഭമായ ഏത്തക്കായ, ചക്ക, മരച്ചീനി എന്നിവയിൽനിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനും അതുവഴി വഴി നിരവധിപേർക്ക് ജോലി നൽകുന്നതിനുമായ വിധത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

അതോടൊപ്പം സർക്കാർ സംവിധാനമായ ഖാദി ബോർഡിന്റെ കീഴിൽ വസ്ത്രങ്ങൾ നെയ്തെടുക്കാൻ താത്പര്യമുള്ളവർക്ക് പരിശീലനം നൽകുകയും പുതിയ തറികൾ, ഡൈയിംഗ് യൂണിറ്റ് ഉൾപ്പെടെ പ്രൊഡക്ഷൻ സെന്ററിന്റെ പ്രവർത്തനം തുടങ്ങുന്നതിന് വിവിധ ഏജൻസികളുടെ സഹായത്തോടെ കർമ്മ പദ്ധതികൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി വാർഡ് അംഗം മുജീബ് ജില്ലാ വികസന ഓഫീസർ അസിത, ഖാദി ബോർഡ് ഡയറക്ടർ എന്നിവരും വ്യവസായ മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി വിനോദ് കുമാർ ഉൾപ്പെടെയുള്ളവരും യൂണിറ്റ് സന്ദർശിച്ചു.