പറവൂർ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി വരാപ്പുഴ ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം പൂർണമായും പരിഹരിക്കുവാൻ രണ്ടാംഘട്ടം പൈപ്പ് ഇടുന്നതിനായി കുഴിക്കുന്ന പൊതുമരാമത്ത് വകുപ്പ് റോഡുകൾ നന്നാക്കുന്നതിനായി 2.51 കോടി രൂപ വാട്ടർ അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് കൈമാറിയതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി 1.50 കോടി രൂപ റോഡ് നിർമ്മാണത്തുകയായി അടച്ചശേഷം പ്രവർത്തനങ്ങൾ ആരംഭിക്കുകയും പിന്നീട് ബാക്കി തുക അടച്ചുകൊള്ളാമന്ന വ്യവസ്ഥയിൽ പൈപ്പിടുന്ന ജോലികൾ ആരംഭിച്ചിരുന്നെങ്കിലും വാട്ടർ അതോറിറ്റിക്ക് കിഫ്ബിയിൽനിന്ന് തുക അനുവദിച്ചു കിട്ടാതിരുന്നതിനാൽ പൊതുമരാമത്ത് വകുപ്പ് ബാക്കി റോഡുകൾ മുറിക്കുന്നതിനുള്ള അനുവാദം നൽകിയിരുന്നില്ല. തുടർന്ന് നിരവധി പ്രാവശ്യം കിഫ്ബിയുമായി ബന്ധപ്പെട്ട് മീറ്റിംഗുകൾ നടത്തി അടിയന്തരമായി തുക അനുവദിക്കുന്നതിനുള്ള തീരുമാനമെടുപ്പിക്കുകയും തുക വാട്ടർ അതോറിറ്റിക്കും തുടർന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിനും കൈമാറുകയും ചെയ്തു.
രണ്ടാംഘട്ടത്തിൽ പ്രധാന പൊതുമരാമത്ത് റോഡുകളായ വരാപ്പുഴ - കടമക്കുടി റോഡ്, ദേവസ്വംപാടം റോഡ്, ചെട്ടിഭാഗം കലുങ്ക് മുതൽ വരാപ്പുഴ ഫെറിവരെയുള്ള റോഡ്, വരാപ്പുഴ പള്ളിമുതൽ വരാപ്പുഴ പാലംവരെയുള്ള റോഡ് എന്നീ റോഡുകൾക്കാണ് തുക അടച്ചിരിക്കുന്നത്. ജൂൺ ഒന്നുമുതൽ മൺസൂൺ കാലത്ത് റോഡ് മുറിക്കുന്നതിനുള്ള അനുവാദം നൽകാൻ പാടില്ലെന്ന് ജില്ലാ കോഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനമുള്ളതിനാൽ ഇതിനു മുമ്പായി എല്ലാ റോഡുകളിലേയും പൈപ്പ് ഇടുന്ന ജോലികൾ പൂർത്തിയാക്കണമെന്ന വ്യവസ്ഥയിലാണ് പൊതുമരാമത്ത് വകുപ്പ് വാട്ടർ അതോറിറ്റിക്ക് അനുമതി നൽകിയിരിക്കുന്നത്. പൈപ്പിടൽ ഉടനെ ആരംഭിക്കും. വരാപ്പുഴ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം ഇതോടെ പൂർണമായും പരിഹരിക്കപ്പെടുമെന്ന് വി.ഡി. സതീശൻ പറഞ്ഞു.