നെടുമ്പാശേരി: നെടുമ്പാശേരിയിലെ ഹജ്ജ് ക്യാമ്പിൽ സ്വീകരിക്കേണ്ട ഒരുക്കങ്ങൾ സംബന്ധിച്ച് സിയാലിൽ അവലോകന യോഗം ചേർന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഹജ്ജ് കമ്മിറ്റി പ്രതിനിധികളും സിയാൽ പ്രതിനിധികളും പങ്കെടുത്തു.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഹജ്ജ് ക്യാമ്പ് ആരംഭിക്കാൻ ഇക്കുറി കുറഞ്ഞ സമയമേ ലഭിക്കൂ എന്നതിനാൽ അടിയന്തര ഒരുക്കങ്ങൾ സംബന്ധിച്ചാണ് ചർച്ച ചെയ്തത്. കേരളത്തിന് പുറമെ തമിഴ്‌നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നും ഹജ്ജ് കമ്മിറ്റി വഴി തീർത്ഥാടനത്തിന് പുറപ്പെടുന്നവർ നെടുമ്പാശേരിയിൽ നിന്നാണ് യാത്ര തിരിക്കുക. 8000 ത്തോളം തീർഥാടകർ ഇത്തവണ നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് വഴി യാത്രയാകും.

ഹജ്ജ് കമ്മിറ്റി വഴി ഈ വർഷം 56601 പേർക്കാണ് ഇന്ത്യയിൽ നിന്ന് ഹജ്ജിന് അനുമതി ലഭിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് 5747 പേർ. രണ്ട് ഘട്ടങ്ങളിലായാണ് ഇന്ത്യയിൽ നിന്നുള്ള തീർഥാടകരുടെ യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മെയ് 31 മുതൽ ജൂൺ 16 വരെയുള്ള ആദ്യഘട്ടത്തിലാണ് നെടുമ്പാശേരിയുള്ളത്. അടുത്ത മാസം ഒമ്പതിന് വീണ്ടും യോഗം ചേരും.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അദ്ധ്യക്ഷനായിരുന്നു. മുൻ ഹജ്ജ് സെൽ ഓഫീസർ എസ്. നജീബ്, സിയാൽ എക്‌സി. ഡയറക്ടർമാരായ എ.സി.കെ നായർ, എ.എം ഷബീർ, ഓപ്പറേഷൻ മാനേജർ ദിനേശ്, തമിഴ്‌നാട് ഹജ്ജ് കമ്മിറ്റി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുഹ്‌സിൻ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.