വൈപ്പിൻ: പൊലീസ് യൂണിഫോമിൽ വിദ്യാർത്ഥികളെ കണ്ടപ്പോൾ സ്‌പെയിൻകാരിയായ യൂണിസെഫ് ഇന്ത്യ ചൈൽഡ് പ്രൊട്ടക്ഷൻ ചീഫ് സൊലേഡാഡ് ഹെറേരോക്ക് കൗതുകം. കാക്കിയണിഞ്ഞ് സദസിന്റെ മുൻനിരയിൽ ഇരുന്നിരുന്ന എടവനക്കാട് എസ്.എൻ.ഡി.പി.വൈ.കെ.പി.എം.ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ യൂണിഫോം അവർ സസൂക്ഷ്മം നിരീക്ഷിച്ചു. യൂണിസെഫിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ അവസരം ലഭിച്ചതിൽ കേഡറ്റുകൾക്കും സന്തോഷം.
കേരളാ പൊലീസിന്റെ സോഷ്യൽ പൊലീസിംഗ് ഇനീഷ്യേറ്റീവ് പദ്ധതിയായ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മനസിലാക്കാനായി ഡിസ്ട്രിക്ട് പൊലീസ് ട്രെയിനിംഗ് സെന്ററിൽ എത്തിയതായിരുന്നു യൂണിസെഫ് പ്രതിനിധികൾ.
സോഷ്യൽ പോളിസി ചീഫ് ലക്ഷ്മി നരസിംഹ റാവുകുഡ്‌ലിഗി, സോഷ്യൽ പോളിസി സ്‌പെഷലിസ്റ്റ് ജി.കുമരേശൻ, കൊച്ചി പൊലീസ് കമ്മിഷണർ നാഗരാജു, ഡി.സി.പി.വി.യു.കുര്യാക്കോസ്, എറണാകുളം റൂറൽ അഡീഷണൽ എസ്.പി. കെ.ലാൽജി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഡി.എൻ.ഒമാരായ കെ.ബിജുമോൻ, സക്കറിയ മാത്യു, എ.ഡി.എൻ.ഒമാരായ പി.എസ്.ഷാബു, മേരിദാസൻ, കൊച്ചി സിറ്റി എസ്.പി.സി പ്രതിനിധി എം.ബി. സൂരജ്കുമാർ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് തുടക്കം കുറിച്ച ഐ.ജി. പി.വിജയനുമായി കോസ്റ്റൽ പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ യൂണിസെഫ് ഉന്നതാധികാരികൾ ചർച്ച നടത്തി .