കൊച്ചി: പലിശക്കാരിയുടെ ഭീഷണിയെത്തുടർന്ന് കൊച്ചിയിൽ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചതായി പരാതി. ഗാന്ധിനഗർ ഉദയകോളനിയിൽ താമസിക്കുന്ന മുത്തുമാരിയാണ് ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റും വിവരിച്ച് ഇവരെഴുതിയ ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്. കടവന്ത്ര പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. . കുടുംബശ്രീ ശുചീകരണ തൊഴിലാളിയായ മുത്തുമാരി ഭർത്താവിന്റെ ചികിത്സക്കും മറ്റുമായി മറ്റൊരു സ്ത്രീയുടെ പക്കൽ നിന്ന് രണ്ട് ലക്ഷം രൂപയാണ് വായ്പ വാങ്ങിയത്. കൊവിഡ് പ്രതിസന്ധിയിൽ അടവ് മുടങ്ങിയതോടെ ഭീഷണി ആരംഭിച്ചു. പണം നൽകിയ സ്ത്രീയുടെ സ്വർണമാലയും മുത്തുമാരി പണയം വച്ചിട്ടുണ്ട്. ഇത് മടക്കി നൽകേണ്ടത് ഇന്നലെയായിരുന്നു. മാല തിരികെ നൽകാത്തതിന് പലിശക്കാരി ഫോണിൽ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിച്ചു.