കൊച്ചി: പാവപ്പെട്ട കലാകാരന്മാരുടെ സൃഷ്ടികൾ പൊതുജനങ്ങൾക്ക് വാങ്ങുന്നതിനായി ലളിതകലാ അക്കാഡമിയുടെ ആർട്ട് ഹബ് കൊച്ചിയിൽ തുടങ്ങുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരള ലളിതകലാ അക്കാഡമി അറുപതാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പ്രായം ചെന്ന അവശതയനുഭവിക്കുന്ന കലാകാരൻമാർക്കായി ശരണാലയം തുടങ്ങും. അവസാനകാലത്ത് ഇവർ ഒറ്റയ്ക്കാകില്ലെന്ന ഉറപ്പാണ് സർക്കാർ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

ശില്പി ജി. രഘു, ചിത്രകാരൻ കെ.എ. ഫ്രാൻസിസ് എന്നിവർക്ക് ലളിതകലാ അക്കാഡമി ഫെലോഷിപ്പ്, വിവിധ വിഭാഗത്തിലെ കലാകാരൻമാർക്കുള്ള അക്കാഡമി പുരസ്‌കാരങ്ങൾ എന്നിവ മന്ത്രി വിതരണം ചെയ്തു. മൂന്നാഴ്ച നീണ്ടു നിൽക്കുന്ന കലാപ്രദർശനവും ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

മേയർ എം. അനിൽകുമാർ കാറ്റലോഗ് പ്രകാശനം ചെയ്തു. അക്കാഡമിയുടെ പുതിയ വെബ്‌സൈറ്റ് മന്ത്രി പുറത്തിറക്കി. രസ ബാന്റിന്റെ സംഗീതപരിപാടിയും വയലിനിസ്റ്റ് ശബരീഷിന്റെ പ്രകടനവും ചടങ്ങിന് മിഴിവേകി.