expo
എറണാകുളത്ത് നടന്ന സഹകരണ എക്‌സ്‌പോ 2022 സമാപന സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: ഏഴ് ദിവസങ്ങളിലായി എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന സഹകരണ എക്‌സ്‌പോ 2022 വൻ വിജയമായിരുന്നെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വായ്പാ എടുക്കുന്നതിനും നിക്ഷേപത്തിനും മാത്രം ആശ്രയിക്കാൻ കഴിയുന്നതാണ് സഹകരണ സംഘങ്ങളെന്ന ധാരണ പൊതുവെയുണ്ട്. എന്നാൽ, എല്ലാ രംഗത്തും മികച്ച മാതൃകകൾ പടുത്തുയർത്താൻ കഴിയുന്ന തരത്തിൽ സഹകരണ മേഖല വളർന്നു കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. എക്സ്പോയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടി.ജെ.വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഏഷ്യാ പസഫിക് ഇന്റർനാഷണൽ കോ ഓപ്പറേറ്റീവ് അലയൻസ് റീജിയണൽ ഡയറക്ടർ ബാലസുബ്രഹ്മണ്യ അയ്യർ മുഖ്യാതിഥിയായിരുന്നു. മേയർ എം. അനിൽകുമാർ, സഹകരണ സംഘം രജിസ്ട്രാർ അദീലാ അബ്ദുള്ള, സഹകകരണ സെക്രട്ടറി മിനി ആന്റണി, സഹകരണ ഓഡിറ്റ് ഡയറക്ടർ എം.എസ്. ഷെറിൻ, കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ്, വനിതാഫെഡ് ചെയർപേഴ്സൻ കെ.ആർ. വിജയ, എസ്.സി.എസ്.ടി.ഐ മുൻ ഡയറക്ടർ ബി.പി. പിള്ള എന്നിവർ സംസാരിച്ചു. വിവിധ പുരസ്‌കാരങ്ങൾ മന്ത്രി വി.എൻ. വാസവൻ വിതരണം ചെയ്തു. സമാപന സമ്മേളനത്തിന് ശേഷം സ്റ്റീഫൻ ദേവസ്സിയുടെ സംഗീത വിരുന്നുമുണ്ടായിരുന്നു.