
തൃക്കാക്കര: ജില്ലയിൽ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകൾ വേഗം തീർപ്പാക്കാനായി റവന്യൂ വകുപ്പിൽ 150 താത്കാലിക എൽ.ഡി ക്ലാർക്കുമാരെ നിയമിച്ചു. ജില്ലയിലെ ആർ.ഡി.ഓഫീസുകളിലും താലൂക്ക്, വില്ലേജ് അടക്കമുള്ള മറ്റ് റവന്യൂ ഓഫീസുകളിലേക്കുമായി 150 പേർക്കാണ് നിയമനം നൽകിയത്.
ചൊവ്വാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കാനും അടിയന്തര പ്രാധാന്യത്തോടെ ഫയലുകൾ തീർപ്പാക്കാനും നിർദേശം നൽകി. ജില്ലയിലെ എട്ട് സെന്ററുകളിലായി നടത്തിയ എഴുത്തുപരീക്ഷ വഴിയാണ് എൽ.ഡി ക്ലാർക്കുമാരെ തിരഞ്ഞെടുത്തത്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത 2,622 പേർക്കായിരുന്നു പരീക്ഷ. ഏപ്രിൽ ഒൻപതിന് നടന്ന പരീക്ഷയ്ക്ക് 1,794 പേർ ഹാജരായി. 457 പേരുടെ ചുരുക്കപ്പട്ടികയാണ് ആദ്യം തയ്യാറാക്കിയത്. പിന്നീട് സർട്ടിഫിക്കറ്റ് പരിശോധനകളും സംവരണ മാനദണ്ഡങ്ങളും കണക്കാക്കി 150 പേരെ തിരഞ്ഞെടുത്തു. ആറ് മാസത്തേക്കാണ് നിയമനം.
സംസ്ഥാനത്ത് ആദ്യമായാണ് റവന്യൂ വകുപ്പിലേക്ക് ഇത്തരത്തിലൊരു പരീക്ഷ. മൂല്യനിർണയം, സർട്ടിഫിക്കറ്റ് പരിശോധന എന്നിവ അടക്കമുള്ള മുഴുവൻ നടപടിക്രമങ്ങളും തീർത്ത് നിയമന ഉത്തരവ് നൽകാൻ രണ്ടാഴ്ചയേ എടുത്തുള്ളൂ.