കൊച്ചി: അന്തരിച്ച തിരക്കഥാകൃത്ത് ജോൺപോളിനെ അനുസ്മരിച്ച് സൗഹൃദ കൂട്ടം. സൗഹൃദ സംഗമങ്ങളുടെ സ്ഥിരം ഇടമായചാവറ കൾച്ചറൽ സെന്ററിൽ നടന്ന അനുസ്മരണ യോഗം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. ഉപാധികൾ ഇല്ലാത്ത സൗഹൃദത്തിന്റെ ഉടമയായിരുന്നു ജോൺപോൾ എന്ന് സുഹൃത്തുക്കൾ അനുസ്മരിച്ചു. വലിയൊരു കാലം ജോൺ പോളിനൊപ്പം കഥയും ചിന്തയും ജീവിതവുമെല്ലാം പറഞ്ഞു പങ്കുവച്ചവരായിരുന്നു വേദിയിൽ ഉണ്ടായിരുന്നത്.

കോളേജ് കാലം മുതൽ അവസാന ദിവസങ്ങൾ വരെ നിറയുന്ന ഓർമ്മകൾ. ഒപ്പം നടന്ന ഓർമ്മകൾ വീണ്ടെടുത്തപ്പോൾ ഗുരുനാഥൻ കൂടിയായ സാനു മാസ്റ്ററും വിതുമ്പിപ്പോയി. ചാവറ കൾച്ചറൽ സെന്റിനോടുള്ള ജോൺ പോളിന്റെ വൈകാരികത കണക്കിലെടുത്ത് അവസാന യാത്ര പറച്ചിലിനായി മൃതദേഹം ഇവിടേക്കും എത്തിച്ചിരുന്നു. കവി ബാലചന്ദ്രൻ ചുള്ളിക്കാട്, അഡ്വ. എം.ആർ. രാജേന്ദ്രൻ നായർ, കവി ഷിബു ചക്രവർത്തി തുടങ്ങി നിരവധി പേർ ജോൺപോളുമായുള്ള അടുപ്പം പങ്കുവയ്ക്കാൻ എത്തിയിരുന്നു.