തൃക്കാക്കര: തൃക്കാക്കരയിൽ ഹരിത ഭവനം -ഹരിത നഗരം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഗാർഹിക ബയോമെഡിക്കൽ, ഡയപ്പർ, നാപ്കിൻ മാലിന്യശേഖരണത്തിന്റെ ഫ്ളാഗ് ഓഫ് നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ നിർവഹിച്ചു. വൈസ് ചെയർമാൻ എ.എ.ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ സോമി റെജി, സുനീറ ഫിറോസ്, പ്രതിപക്ഷ നേതാവ് എം.കെ.ചന്ദ്രബാബു, കൗൺസിലർമാരായ ഷാജി വാഴക്കാല, സി.സി.വിജു, ഷാന അബ്ദു, രജനി ജീജൻ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ സജികുമാർ, സരിത.ഒ.ജി, ജെനി ജോൺ, കമ്പനി പ്രതിനിധികളായ ജോസ് അഗസ്റ്റിൻ, മുബാറക്.എസ് എന്നിവർ പങ്കെടുത്തു. സർക്കാർ അംഗീകൃത സ്ഥാപനമായ ഗ്രീനിവോ ടെക് പ്രൈവറ്റ് ലിമിറ്റഡിനാണ് (ഡീജങ്ക്) നടത്തിപ്പവകാശം. ഒരു കിലോഗ്രാമിന് 57 രൂപ ആണ് ഫീസ്. കേരളത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കിയാണ് തൃക്കാക്കര നഗരസഭയിൽ ഇത്തരത്തിൽ മാലിന്യ ശേഖരണം ആരംഭിക്കുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഉപയോഗശൂന്യമായ മരുന്നുകൾ, സിറിഞ്ചുകൾ, സാനിറ്ററി നാപ്കിൻ, ഡയപ്പർ എന്നിവ അധികൃതർ നൽകുന്ന ചുവപ്പ്, പച്ച,മഞ്ഞ കവറുകളിൽ വേണം നിക്ഷേപിക്കാൻ. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം സുരക്ഷിത വാഹനത്തിൽ അമ്പലമേടുള്ള ബയോ മെഡിക്കൽ മാലിന്യ സംസ്കരണ സംവിധാനത്തിൽ സംസ്കരിക്കും. അഞ്ച് ദിവസത്തിലൊരിക്കൽ നഗരസഭ പ്രദേശത്തെ വീടുകളിലെത്തി തൂക്കിയെടുക്കും.