കൊച്ചി: ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിന് പരമാവധി സൗകര്യം ഒരുക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കളമശേരിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടിയുള്ള ചാർജിംഗ് സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് മുന്നേ സഞ്ചരിച്ച് 'ഇ.വി പോളിസി' അംഗീകരിച്ച സംസ്ഥാനമാണ് കേരളമെന്നും വൈദ്യുത വാഹനങ്ങൾക്ക് വേണ്ടി സ്വന്തമായി ബാറ്ററികൾ നിർമ്മിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഗാന്ധിനഗർ, നോർത്ത് പറവൂർ, കലൂർ, വൈറ്റില, അങ്കമാലി, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ചാർജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും പി. രാജീവ് ഓൺലൈനായി നിർവഹിച്ചു.

ആദ്യഘട്ടത്തിൽ ജില്ലയിലെ 136 സ്ഥലങ്ങളിലായി വിപുലമായ ചാർജിംഗ് ശൃംഖലയാണ് കെ.എസ്.ഇ.ബി ഒരുക്കുന്നത്. നിലവിൽ കാറുകൾക്കുള്ള സൗകര്യം മാത്രമാണ് ഉള്ളത്. ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ 125 പോൾ മൗണ്ടഡ് ചാർജ് സെൻസറുകൾ സ്ഥാപിക്കാനാണ് തീരുമാനം.

കെ.എസ്.ഇ. ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ ബി. അശോക്, ഡയറക്ടർ ആർ. സുകു, കളമശേരി നഗരസഭ പ്രതിപക്ഷ നേതാവ് ടി.എ. അസൈനാർ, വാർഡ് കൗൺസിലർ മിനി കരീം, കെ.ബി. വർഗീസ്, എസ്. രമേശൻ, പി.കെ. നിയാസ്, ജമാൽ മണക്കാടൻ എന്നിവർ സംസാരിച്ചു