udf

ആലുവ: കിൻഫ്ര കുടിവെള്ള പദ്ധതിക്ക് പിന്നിലെ ദുരൂഹത നീക്കണമെന്നും പദ്ധതിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നും ആവശ്യം ശക്തമാകുന്നു. പദ്ധതിയുടെ ഭാഗമായി എടയപ്പുറം റോഡിൽ ഭൂഗർഭ പൈപ്പിടൽ ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെ പദ്ധതിയുടെ കരാർ വിശദാംശങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ല.

സംസ്ഥാനത്ത് ഏത് തരത്തിലുള്ള കരാർ ജോലികൾ ആരംഭിക്കുമ്പോഴും അതിന് മുമ്പായി കരാർ വ്യവസ്ഥകൾ പൊതുജനങ്ങൾക്ക് കാണാനാകുന്ന വിധം പരസ്യപ്പെടുത്തണമെന്നാണ് നിയമം. ഇതനുസരിച്ച് പൈപ്പിടൽ ആരംഭിച്ച എടയപ്പുറം തുരുത്തി തോടിന് സമീപം പദ്ധതിക്ക് ചെലവഴിക്കുന്ന തുക, കാലാവധി, കരാറുകാരന്റെ പേര് ഉൾപ്പെടെയുള്ള വിശാദാംങ്ങൾ പരസ്യപ്പെടുത്തണം. ഇത് ഉണ്ടാവാത്തതും ദുരൂഹത ഇരട്ടിപ്പിക്കുകയാണ്. റോഡ് തകർച്ചയും പദ്ധതിയിലെ ദുരൂഹതയുമാണ് ജനങ്ങളെ കൂടുതൽ പ്രതിഷേധത്തിലേക്ക് നയിക്കുന്നത്.

പെരിയാറിൽ നിന്ന് കിൻഫ്രയിലേക്ക് വെള്ളം കൊണ്ടുപോകാനാണ് എടയപ്പുറം റോഡിന് നടുവിലൂടെ ഒരു മീറ്റർ വ്യാസമുള്ള കൂറ്റൻ പൈപ്പ് സ്ഥാപിക്കുന്നത്. രാത്രി മുതൽ പുലർച്ചെ വരെയാണ് പണി. പൈപ്പ് സ്ഥാപിക്കുന്ന ഭാഗം പുലർച്ചെ തന്നെ മണ്ണിട്ട് നികത്തുന്നുണ്ടെങ്കിലും വാഹനങ്ങൾ കടന്നുപോകാൻ പ്രയാസമാണ്. മഴപെയ്താൽ വാഹനങ്ങളുടെ ചക്രങ്ങൾ ചെളിയിൽ പുതഞ്ഞ് ഗതാഗതം സ്തംഭിക്കും. പലവട്ടം നാട്ടുകാരുടെ സഹായത്തോടെയും വാഹനങ്ങൾ കെട്ടിവലിച്ചും കുഴിയിൽ നിന്ന് കയറ്റേണ്ട സാഹചര്യമുണ്ടായി. നിലവിൽ പൈപ്പ് സ്ഥാപിച്ച ഭാഗങ്ങളിൽ റോഡ് പാടെ തകർന്നു കിടക്കുകയാണ്.

പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിടണമെന്നാണ് ആവശ്യം. സ്വകാര്യ സ്ഥലം ഏറ്റെടുത്ത് തോട്ടുമുഖത്ത് ജലശുദ്ധീകരണ ശാലയും സ്ഥാപിക്കുന്നുണ്ട്. വാട്ടർ അതോറിട്ടിക്കും പദ്ധതിയെ കുറിച്ച് കാര്യമായ വിവരമില്ല. പെരിയാറിൽ നിന്ന് ജലം ഊറ്റി സ്വകാര്യ സ്ഥാപനങ്ങൾക്ക് കുടിവെള്ള കമ്പനി ആരംഭിക്കാൻ സർക്കാർ സൗകര്യം നൽകുന്നതാണെന്ന സംശയമാണ് നാട്ടുകാർക്കുള്ളത്. അങ്ങനെയെങ്കിൽ വേനൽക്കാലത്ത് പെരിയാർ വറ്റിവരളുമെന്നാണ് ആക്ഷേപം.

നാട്ടുകാർ പൈപ്പിടൽ തടഞ്ഞു

എടയപ്പുറത്ത് പി.ഡബ്ളിയു.ഡി റോഡിൽ പൈപ്പ് സ്ഥാപിക്കുന്നത് യു.ഡി.എഫ് പ്രവർത്തകർ തടഞ്ഞു. നേച്ചർ കവലയിൽ തിങ്കളാഴ്ച്ച രാത്രി 9.30 ഓടെയാണ് പ്രതിഷേധമുയർന്നത്. ഇതേതുടർന്ന് പണികൾ നിർത്തിവെച്ചു. കോൺഗ്രസ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് തോപ്പിൽ അബു, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, മണ്ഡലം പ്രസിഡന്റ് പി.ജെ. സുനിൽകുമാർ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മെഹബൂബ്, ഫാസിൽ ഹുസൈൻ, ഹസീം ഖാലിദ് എന്നിവർ നേതൃത്വം നൽകി.