കൊച്ചി: അനധികൃത ഖനനം സംബന്ധിച്ച പരാതികളെ തുടർന്ന് ചീനിക്കുഴിയിലെ മേഘ ഗ്രാനൈറ്റിന്റെ പ്രവർത്തനം നിറുത്താൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉത്തരവിട്ടു. ഇവിടത്തെ ക്വാറിയിൽ നിന്ന് പ്രതിവർഷം 150000 മെട്രിക് ടൺ കരിങ്കല്ല് ഖനനം ചെയ്യാനാണ് അനുമതി. പതിന്മടങ്ങ് കല്ല് ഖനനം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് ഒരു കോടി രൂപയോളം പിഴയിനത്തിൽ ഈടാക്കാൻ നേരത്തെ ഉത്തരവിട്ടിരുന്നു.

ക്വാറിയുടെയും ക്രഷറിന്റെയും പ്രവർത്തനത്തെക്കുറിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ ക്വാറിയിംഗ് ലീസ് റദ്ദ് ചെയ്യാതിരിക്കുന്നതിന് 15 ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്ന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ എം.സി.കിഷോർ നൽകിയ നോട്ടീസിൽ പറയുന്നു. കുന്നത്തുനാട് എം.എൽ.എ പി.വി. ശ്രീനിജിൻ ഏപ്രിൽ ഏഴിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കുന്നത്തുനാട് താലൂക്ക് മഴുവന്നൂർ വില്ലേജിൽ 4.18 ഹെക്ടർ സ്ഥലത്താണ് ക്വാറി. പെരുമ്പാവൂർ കാരാട്ട് പള്ളിക്കര വട്ടപ്പാറ വീട്ടിൽ ഗൗതം പി.പവിത്രന്റെ പേരിലാണ് ലൈസൻസ്.